കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച് ഹൈക്കോടതി. ഭാവിയിൽ ബോട്ടപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള നിർദേശങ്ങളും കോടതി അറിയിച്ചു. നിയമങ്ങൾ കർക്കശമാക്കി സർക്കാർ ഉത്തരവിറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ബോട്ട് യാത്രാ നിയമങ്ങൾ കർശനമാക്കി സർക്കാർ ഉത്തരവിറക്കണം. ബോട്ടിൽ കയറാൻ അനുവദനീയമായവരുടെ എണ്ണം ബോട്ടിന്റെ വാതിലുകളിൽ പ്രദർശിപ്പിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും എണ്ണം പ്രദർശിപ്പിക്കണം. കൂടാതെ അപ്പർ ഡെക്കിലും ഡൗൺ ഡെക്കിലും അനുവദിക്കുന്നവരുടെ എണ്ണവും കൃത്യമായി അടയാളപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. ബോട്ടിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് അനുവദനീയമായ എണ്ണം ആളുകളാണ് കയറിയിട്ടുള്ളതെന്ന് സ്രാങ്ക് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ടൂറിസം. സംസ്ഥാനത്ത് പലപ്പോഴും ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നത് ജലയാനങ്ങളിലും റോഡിലും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽ നിന്നാണ്. കേരളത്തിൽ സേഫ് ടൂറിസം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ പ്രതികൂലമാകും. അതിനാൽ ടൂറിസം ഏറ്റവും സുരക്ഷിതമായി നടപ്പാക്കണമെന്നും കേരളത്തിന്റെ പ്രതിച്ഛായ തകരാതെ സൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബോട്ടപകട കേസിൽ ഹൈക്കോടതിയെ സഹായിക്കുന്നതിനായി അഡ്വ. ശിവകുമാറിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിക്കുകയും ചെയ്തു. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും.
















Comments