ബെംഗളൂരു: കർണാടകയുടെ ജനവിധി ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 12 മണിയോട് കൂടി കർണാടക ആര് ഭരിക്കും എന്നതിൽ വ്യക്തമായ ചിത്രം തെളിയും. 224 അംഗ നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ദക്ഷിണേന്ത്യയിൽ കോൺഗ്രസിനും ബിജെപിക്കും ഏറെ പ്രധാനപ്പെട്ടതാണ്. തികഞ്ഞ ആത്മവിശ്വസത്തിലാണ് ബിജെപി. നിയമസഭയിൽ നിർണായക സ്വാധീനമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്.
ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയത്. 73.19 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരാണ് കൂടുതൽ വോട്ട് ചെയ്തിരിക്കുന്നത്. പുരുഷൻമാരുടെ വോട്ടിംഗ് ശതമാനം 73.68 ശതമാനമാണ്. സ്ത്രീകളുടെ പങ്കാളിത്തം 72.7 ശതമാനം ആയിരുന്നു. കഴിഞ്ഞ തവണ 72.36 ശതമാനമായിരുന്നു പോളിംഗ്. ദക്ഷിണ കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ മെലുകോട്ടെ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 90 ശതമാനമായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് വോട്ടുകൾ രേഖപ്പെടുത്തിയത് ബെംഗളുരുവിലെ സിവി രാമൻ നഗറിലായിരുന്നു 47.4 ശതമാനം. ആറ് മേഖലകളുള്ള കർണാടകത്തിൽ ദക്ഷിണ കർണാടകയിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്.
ആര് നയിക്കുമെന്ന് ഉറ്റുനോക്കുകയാണ് കർണാടകം. എക്‌സിറ്റ് ഫലങ്ങൾ എങ്ങും തൊടാതെ പോയതോടെ തൂക്ക് മന്ത്രിസഭയ്‌ക്ക് സാധ്യതയേറുന്നുവെന്ന് കരുതിയിരിക്കുകയാണെങ്കിലും ബിജെപിയ്‌ക്കാണ് മുൻതൂക്കമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ചല എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുമ്പോൾ ചിലത് ബിജെപിയാകും ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും പ്രവചിക്കുന്നു. എന്തായാലും കാത്തിരിപ്പുകൾക്ക് വിരാമം ആകും ഇന്ന്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ. സിവിൽ പോലീസിന് പുറമെ അർദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജമാണ്.
Comments