താനൂർ ബോട്ടപകടം അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനെ നിയമിച്ച് വിജ്ഞാനമിറങ്ങി. മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിനായുള്ള കമ്മീഷനെ നിയമിച്ചത്. റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് വികെ മോഹനൻ അടക്കം മൂന്നുപേരാണ് അപകടം അന്വേഷിക്കുക. നീലകണ്ഠൻ ഉണ്ണി ( റിട്ട. ചീഫ് എൻജിനീയർ ഇൻലാൻഡ് നാവിഗേഷൻ ) , സുരേഷ് കുമാർ ( ചിഫ് എൻജിനീയർ , കേരള വാട്ടർ വെയ്സ് ) എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മീഷൻ സംബന്ധിച്ച ടേം ഓഫ് റഫറൻസ് പിന്നീട് പ്രസിദ്ധീകരിക്കും.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍. സാങ്കേതിക വിദഗ്ധരെയും നിയമ വിദഗ്ധരെയും ഉൾപ്പെടുത്തിയാകും അന്വേഷണം. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. കൂടാതെ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.
താനൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തകർന്ന് കുട്ടികളടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. അനുവദനീയമായതിൽ കൂടുതൽ ആളുകൾ ബോട്ടിൽ കയറിയെന്നു സമ്മതിക്കുന്നില്ലേയെന്നും , ഇത്തരം നിയമ ലംഘനങ്ങൾ തടയാൻ നടപടി വേണ്ടേയെന്നുമാണ് സർക്കാരിനോട് കോടതിയുടെ ചോദ്യം. എല്ലാ ബോട്ടുകളിലും ജീവൻ രക്ഷാ ഉപകരണങ്ങളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകണമെന്നും ഇടക്കാല ഉത്തരവ്. പരമാവധി യാത്രക്കാരുടെ എണ്ണം സംബന്ധിച്ച ബോർഡുകളും ബോട്ടിൽ സ്ഥാപിക്കാനും നിർദേശമുണ്ട്.
















Comments