കോട്ടയം: ഡോ. വന്ദനയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ കുടുംബം. മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പിതാവ് മോഹൻദാസ് പറഞ്ഞു. എന്തിനാണ് പോലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലെയെന്നും പിതാവ് ചോദിച്ചു. ആവശ്യമില്ലാത്ത കാര്യങ്ങളാണ് ചിലർ പറയുന്നത്, പലതും സഹിക്കാനാവുന്നില്ലെന്നും കുടുംബം പറഞ്ഞു.
വന്ദനയുടെ അമ്മയുടെ ആഗ്രഹമായിരുന്നു വന്ദനയെ ഡോക്ടറാക്കുകയെന്നത്. മൂന്ന് മാസം കൂടി കഴിഞ്ഞാൽ വന്ദന തിരിച്ച് വീട്ടിൽ എത്തുമായിരുന്നു. എന്റെ മകൾ പോയി, ഇനി ആർക്കും ഇതുപോലെ ഒരു ഗതികേട് ഉണ്ടാകരുതെന്നും അച്ഛൻ പറഞ്ഞു. കുടുംബത്തെ സന്ദർശിക്കാനെത്തിയ കെകെ ശൈലജയ്‌ക്ക് മുൻപിലായിരുന്നു അച്ഛന്റെ സങ്കടപ്രകടനം. ഏറെ വൈകാരികമായിരുന്നു വീട്ടിലെ സ്ഥിതി.
എഫ്‌ഐആറിൽ പിഴവുകൾ വന്നതിന് പിന്നാലെ വന്ദന കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുക. റൂറൽ എസ്പി സുനിലിനാണ് മേൽനോട്ട ചുമതല. ഹൈക്കോടതിയുടെ വിമർശനവും എഫ്‌ഐആറിലെ പിഴവും കടുത്ത നാണക്കേടുണ്ടാക്കിയതായി എഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.
















Comments