ലിസ്ബൺ: ഗുരുതരമായ രോഗം ബാധിച്ചവർക്ക് ദയാവധം നിയമ വിധേയമാക്കി പോർച്ചുഗൽ. പതിനെട്ട് വയസ്സിന് മുകളിലുള്ള മാരകമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും ദയാവധം അനുവദിക്കുന്ന നിയമനിർമ്മാണത്തിനാണ് പോർച്ചുഗീസ് പാർലമെന്റ് വെള്ളിയാഴ്ച അംഗീകാരം നൽകിയത്. ഇതോടെ ദയാവധം നിയമവിധേയമാക്കിയ മറ്റ് രാജ്യങ്ങളുടെ പട്ടികയിൽ പോർച്ചുഗലും ഉൾപ്പെട്ടു. പോർച്ചുഗലിന്റെ അയൽരാജ്യമായ സ്‌പെയിനിലും ദയാവധം നിയമം മൂലം അംഗീകരിച്ചിട്ടുണ്ട്.
കത്തോലിക്കാ രാഷ്‌ട്രമായ പോർച്ചഗലിൽ ദയാവധം നിയമവിധേയമാക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കടുത്ത സഭാവിശ്വാസിയായ കൺസർവേറ്റീവ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ ദയാവധത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
18 വയസ്സിന് മുകളിലുള്ള ആളുകൾക്ക് മാരകമായ അസുഖവും അസഹനീയമായ വേദനയും ഉണ്ടെങ്കിൽ മെഡിക്കൽ നിബന്ധനകൾക്ക് വിധേയമായി ജീവിതം അവസാനിപ്പിക്കാനുള്ള സഹായം അധികാരികളോട് അഭ്യർത്ഥിക്കാൻ സാധിക്കും. എതെങ്കിലും മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോയവർക്ക് പരിരക്ഷ ലഭിക്കില്ല. പോർച്ചുഗൽ പൗരന്മാർക്കും നിയമപരമായ താമസക്കാർക്കും മാത്രമേ നിയമം ബാധകമാകൂ. വിദേശികൾക്കും നിയമം ബാധകമല്ല.
ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യം ബെൽജിയമാണ്. 2002 ലാണ് നിയമം പാസാക്കിയത്. 2014 മുതൽ ബെൽജിയം എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് ഡോക്ടറുടെ സഹായത്തോടെ ദയാവധം അനുവദിക്കാൻ തുടങ്ങി. മാരകമായതോ ഭേദമാക്കാനാവാത്തതോ ആയ രോഗമോ വിട്ടുമാറാത്ത വേദനയോ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കാണ് മരണം അനുവദിക്കുന്നത്. തിന് മാതാപിതാക്കളുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും അനുമതി ഉണ്ടായിരിക്കണം.
ദയാവധ നിയമങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ പലപ്പോഴും വിവാദമാകാറുണ്ട്. രോഗികളെ അന്തസ്സോടെ മരിക്കാനും അവരുടെ കഷ്ടപ്പാടുകൾ ഒഴിവാക്കാനും ദയാവധം അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് അതിനെ പിന്തുണക്കുന്നവർ വാദിക്കുന്നു. എന്നാൽ, ദയാവധത്തെ എതിർക്കുന്നവർ പറയുന്നത് അത് അധാർമ്മികവും മനുഷ്യജീവന്റെ മൂല്യത്തെ തകർക്കുന്നതുമാണ് എന്നാണ്.
















Comments