കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രി ഹൗസ് സർജൻ ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം നാളെ അപേക്ഷ സമർപ്പിക്കും. കോസിന്റെ ഭാഗമായി അന്വേഷണ സംഘത്തെയും വിപുലപ്പെടുത്തയിട്ടുണ്ട്. ജിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലേയ്‌ക്ക് കൊട്ടാരക്കര സ്റ്റേഷൻ ഇൻ്‌സ്‌പെക്ടർ വിഎസ് പ്രശാന്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദീപ് ജൂഡീഷ്യൽ കസറ്റഡിയിൽ ജയിലിൽ തുടരുകയാണ്.
താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയനായതിന്റെ ദൃശ്യങ്ങൾ സന്ദീപ് തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയതെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ദൃശ്യങ്ങൾ പകർത്തിയതിന് ശേഷം വാട്‌സ്ആപ്പിലൂടെ മറ്റുള്ളവർക്ക് അയച്ചുകൊടുത്തതും പ്രതി തന്നെയാണെന്ന് സ്ഥിരീകരിച്ചു. സന്ദീപ് ആശുപത്രയിൽ എത്തി പത്ത് മിനിറ്റ് കഴിഞ്ഞാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇതിൽ നഴ്‌സിംഗ് ജീവനക്കാരുടെയും ഡോ വന്ദനയുടെയും സാന്നിധ്യം വ്യക്തമാണ്. കേസിൽ നിർണായക തെളിവാണ് ഈ ദൃശ്യങ്ങൾ.
ശാസ്ത്രീയമായ തെളിവ് ശേഖരണം സംഘം പൂർത്തീകരിച്ചു. താലൂക്ക് ആശുപത്രിയിൽ നിന്ന് ഏറ്റെടുത്ത നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. സന്ദീപിന്റെ രക്തസാംപിളുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണും സൈബർ പരിശോധനയ്‌ക്കായി അയയ്‌ക്കും. അതേസമയം കേസിൽ എഫ്‌ഐആറിൽ ഉണ്ടായ ഗുരുതര വീഴ്ച റൂറൽ എസ്പി ഇടപെട്ട് തിരുത്തിയിരുന്നു. അന്വേഷണത്തിൽ ഇനി വീഴ്ചയുണ്ടാകരുതെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
മെയ് 10-ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്യൂട്ടിക്കിടയിൽ യുവ ഡോക്ടറെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കാലിലെ മുറിവ് ചികിത്സിയ്‌ക്കുന്നതിനിടെയായിരുന്നു ഇയാൾ അക്രമാസക്തനായത്. മുറിയിലുണ്ടായയിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടർ വന്ദനയെ നിരവധി തവണയാണ് പ്രതി കുത്തിയത്. പോലീസുകാർ ഉൾപ്പെടെ നാല് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
Comments