ന്യൂഡൽഹി: ഓപ്പറേഷൻ കവചിന്റെ ഭാഗമായി വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്ത് ഡൽഹി പോലീസ്. 43 ലഹരിക്കടത്തുകാരെയാണ് മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സ് സംഘം അറസ്റ്റ് ചെയ്തത്. ഡൽഹി പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സംയുക്ത സംഘമാണ് ‘ഓപ്പറേഷൻ കവച്’നടത്തിയത്.
ഓപ്പറേഷനിൽ 31 മയക്കുമരുന്ന് വിൽപ്പനക്കാരും 12 അനധികൃത മദ്യക്കടത്തുകാരുമാണ് പിടിയിലായത്. 35 കിലോ ഹെറോയിൻ, 15 കിലോ കൊക്കെയ്ൻ, 1500 ഹെംപ്, 230 പോപ്പി, 10 കിലോ ചരസ് എന്നിവയാണ് പ്രതികളിൽ നിന്നും പിടികൂടിയത്.
മയക്കുമരുന്ന് ഉപയോഗത്തിനെതിരായുള്ള കേന്ദ്ര സർക്കാരിന്റെ സീറോ ടോളറൻസ് നയത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പറേഷൻ കവച് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സ്പെഷ്യൽ സിപി രവീന്ദർ യാദവ് പറഞ്ഞു. ഡൽഹി പോലീസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
1000 പോലീസുകാർ ഉൾപ്പെട്ട 80 ടീമുകളായാണ് ഡൽഹിയിലുടനീളം വ്യാപക പരിശോധന നടന്നത്. കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് കണ്ടെത്തിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഡൽഹിയിലെ എല്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയ ശേഷമാണ് ഓപ്പറേഷൻ നടത്തിയത്.
Comments