എറണാകുളം: കൊച്ചി മറൈൻഡ്രൈവിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റി സർവീസ് നടത്തിയ ബോട്ടുകൾക്കെതിരെ മാരിടൈം ബോർഡിന് പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പോലീസിന്റെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം മാരിടൈം ബോർഡാണ് സ്രാങ്കുമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ തീരുമാനമെടുക്കുക.
ഇന്നലെയാണ് ഉല്ലാസ ബോട്ടുകൾ പിടികൂടിയത്. സെന്റ്‌മേരസ്, സന്ധ്യ എന്നീ രണ്ട് ബോട്ടുകളാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പതിമൂന്ന് പേർക്ക് മാത്രം യാത്രാനുമതിയുള്ള ബോട്ടുകളിൽ മുപ്പതിലധികം യാത്രക്കാരെയാണ് കയറ്റിയത്. സംഭവത്തിൽ ഇരു ബോട്ടുകളിലെയും സ്രാങ്കുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിഖിൽ, ഗണേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. താനൂർ ബോട്ടപകടത്തിന് പിന്നാലെ പോലീസ് ബോട്ടുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് നിയമലംഘനത്തിന് ബോട്ടുകൾ പിടിച്ചെടുത്തിരിയ്‌ക്കുന്നത്.
















Comments