ചെന്നൈ: തമിഴ്‌നാട്ടിൽ അരിക്കൊമ്പൻ റേഷൻ കട തകർത്തു. മേഘമലയ്‌ക്ക് സമീപം മണലാർ എസ്റ്റേറ്റിലാണ് കൊമ്പൻ റേഷൻ കട ആക്രമിച്ചത്. കാട് മാറിയെങ്കിലും അരിക്കൊമ്പൻ സ്വഭാവത്തിന് മാറ്റമൊന്നുമില്ലെന്നാണ് സൂചന.
മണലാർ എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനലുകൾ ഭാഗികമായി തകർത്ത ആനയ്‌ക്ക് പക്ഷെ അരി ഭക്ഷിക്കാൻ കഴിഞ്ഞില്ല. ശേഷം പുലർച്ചയോടെ ആന കാട്ടിലേക്ക് മടങ്ങി. കടയ്‌ക്കു മുൻപിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന്റെ ഭാഗത്തേക്ക് ആന പോയില്ലെന്ന് നാട്ടുകാർ പറഞ്ഞു.റേഷൻ കട കണ്ടുപിടിച്ച സ്ഥിതിക്ക് അരിക്കെമ്പൻ ഇനിയും ഇവിടേക്ക് ഇറങ്ങുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
കഴുത്തിൽ കോളറിട്ട ആന ആയതിനാൽ അരിക്കൊമ്പനെ നാട്ടുകാർക്ക് തിരിച്ചറിയാൻ എളുപ്പമാണ്. ആനയുടെ സഞ്ചാരം തമിഴ്‌നാട്, കേരള വനം വകുപ്പുകൾ നിരീക്ഷിക്കുന്നുണ്ട്. ജിപിഎസ് കോളറിൽ നിന്ന് ഒരു മണിക്കൂർ ഇടവിട്ടാണ് സിഗ്‌നലുകൾ ലഭിക്കുന്നത്. ഇത് നിരീക്ഷണത്തിന് തടസ്സമാകുന്നുണ്ട്.
40 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയമിച്ചിട്ടുണ്ട്. മേഖലയിലെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി മേഘമലയിലേക്ക് കഴിഞ്ഞ ദിവസം മുതൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്.
Comments