തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഓർഡിനൻസിന്റെ കരട്, നിയമ വകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും കൂടി അന്തിമ അംഗീകാരത്തോടെയാകും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്‌ക്ക് വയ്‌ക്കുക. മന്ത്രിസഭാ യോഗം ഓർഡിനൻസ് അംഗീകരിച്ച് ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിടുന്നതോടെയാണ് ഓർഡിനൻസ് നിലവിൽ വരിക. പോലീസ് അന്വേഷണത്തിനും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഓർഡിനൻസിലെ വ്യവസ്ഥകൾ അന്തിമമാക്കുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. പരമാവധി ശിക്ഷ ഇരട്ടിയിലധികമായി ഉയർത്തിക്കൊണ്ടുള്ളതാണ് ഈ പുതിയ നിയമം. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അസഭ്യം പറയുന്നതുൾപ്പെടെ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരമാകും.
ആശുപത്രി ആക്രമണത്തിനുള്ള ശിക്ഷ ഇരട്ടിയിലധികമായി വർദ്ധിപ്പിച്ച് ആശുപത്രി സംരക്ഷണ നിയമം കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് ആറു മാസം മുതൽ 7 വർഷം വരെ തടവ് ലഭിക്കും. അധിക്ഷേപിക്കുന്നതും മോശം വാക്ക് ഉപയോഗിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ഒരു വർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നും ഓർഡിനൻസിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നു.
നഴ്സിങ് കോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും നിയമത്തിന്റെ പരിധിയിലാകും. 2012 ലെ നിയമത്തിൽ ആശുപത്രി ആക്രമണത്തിനുള്ള പരമാവധി ശിക്ഷ 3 വർഷം വരെ തടവും 50,000 രൂപ വരെ പിഴയുമായിരുന്നു.
ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങളിൽ പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കരടിൽ നിർദ്ദേശിക്കുന്നു. അതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഒരു മാസത്തിനുള്ളിൽ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം, ശേഷം ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കണം. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നതും പരിഗണിക്കണം. ഐഎംഎ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് ഓർഡിനൻസ് കരടിന് രൂപം നൽകിയത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 10 വർഷം വരെ തടവുശിക്ഷ വേണമെന്നും ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള സൈബർ അധിക്ഷേപവും നിയമത്തിന്റെ പരിധിയിൽ വരണമെന്നും സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു.
















Comments