ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്ത വ്യക്തികളെയും കമ്പനികളെയും പ്രത്യേകം അടയാളപ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ തിരിച്ചറിയുന്നതിനായി യുണീക് ഇക്കണോമിക് ഒഫൻഡർ കോഡ് തയാറാകുന്നു. വ്യക്തിയുടെ ആധാറുമായാണ് ഇത് ലിങ്ക് ചെയ്യുക. സ്ഥാപനങ്ങളുടെ കോഡ് പാൻ നമ്പറുമായും ലിങ്ക് ചെയ്യും.
ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിയ്‌ക്കുന്ന സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് കോഡുകളെക്കുറിച്ച് ശുപാർശ ചെയ്തത്.സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടര ലക്ഷം കുറ്റാരോപിതരുടെ വിവരങ്ങളടങ്ങിയ ഡേറ്റാ ബാങ്ക് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ തയ്യാറാക്കിയിട്ടുണ്ട്. കുറ്റകൃത്യം തെളിയുകയാണെങ്കിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിയ്‌ക്കുന്നത് വരെ കാത്തിരിക്കുന്നതാണ് നിലവിലെ രീതി. ഇതിന് പകരം പ്രതികൾക്കെതിരെ വിവിധ തലങ്ങളിൽ പെട്ടെന്ന് തന്നെ അന്വേഷണം ആരംഭിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്.
പാൻ അല്ലെങ്കിൽ ആധാറിനെ അടിസ്ഥാനമാക്കിയ തിരിച്ചറിയൽ കോഡിലൂടെ കമ്പനികളുടെയും വ്യക്തികളുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ മുഴുവൻ വിവരങ്ങളും ഇതിലൂടെ മനസിലാക്കാൻ സാധിക്കും. നിലവിൽ വൻ സാമ്പത്തിക അഴിമതി കേസുകളിൽ നടപടികൾ നേരിടുന്നവർക്കായിരിക്കും കോഡ് നൽകുക.
ഇതിന് പുറമേ വിവിധ കേസുകളെക്കുറിച്ച് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരങ്ങൾ നാഷണൽ ഇക്കണോമിക് ഒഫൻസ് റെക്കോർഡ് ശേഖരിക്കും. ഡിജിറ്റൽ രൂപത്തിലായിരിക്കും ശേഖരിക്കുക. 40 കോടി ചിലവിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. അഞ്ച് മാസത്തിനുള്ളിൽ പദ്ധതിയുടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നുള്ള വിവരങ്ങളും ദേശീയ ശേഖരത്തിലേക്ക് മാറ്റും.
















Comments