കൊച്ചി: സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നു എന്ന പരാതി വ്യാപകമാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ യുവതാരങ്ങൾക്കെതിരെ നിർമ്മാതാക്കൾ തന്നെ രംഗത്തു വന്നിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തിനെതിരെ നടപടി കർശനമാക്കാൻ ഒരുങ്ങുകയാണ് പോലീസ്. സംസ്ഥാനത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമാ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
മുപ്പതോളം സിനിമാ സെറ്റുകളിലാണ് ഷാഡോ പോലീസിനെ വിന്യസിച്ചിരിക്കുന്നത്. ലഹരി ഉപയോഗിക്കുമ്പോഴോ കൈവശമുള്ളപ്പോഴോ മാത്രമേ അത്തരക്കാരെ പിടികൂടാൻ സാധിക്കുകയുള്ളൂ എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ പോലീസ് നിരീക്ഷണം തുടരുകയാണ്.
പോലീസ് നിരീക്ഷണത്തിന് സിനിമാ മേഖലയിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പട്രോളിംഗിനിടെ എറണാകുളം നോർത്ത് സിഐയെ സിനിമാ പ്രവർത്തകർ അക്രമിച്ചിരുന്നു. ഇവരെ കണ്ടെത്താൻ പോലീസ് തിരിച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സിനിമാ ടെക്നീഷ്യന്‍സ് ആണെന്ന സൂചനയുണ്ടെങ്കിലും ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ലഹരി ഉപയോഗത്തിനെതിരായ നീക്കമാണോ ആക്രമണത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments