ന്യൂഡൽഹി: പ്രീമിയം ഇലക്ട്രിക് ബസ് ബ്രാൻഡായ ന്യൂഗോ ലോകത്തിലെ ആദ്യത്തെ വനിതാ ഇന്റർസിറ്റി ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഡൽഹിയിലാണ് ഫ്‌ലാഗ് ഓഫ് ചടങ്ങ് നടന്നത്. കശ്മീരി ഗേറ്റ് ഐഎസ്ബിടിയിൽ നിന്ന് ആഗ്രയിലേക്കായിരുന്നു ആദ്യ യാത്ര. വിദഗ്ധരും പരിചയസമ്പന്നരായ വനിതാ പൈലറ്റും ഹോസ്റ്റും യാത്രക്കാരുമുൾപ്പടെ സ്ത്രീകൾ മാത്രമായിരുന്നു ബസിൽ യാത്ര ചെയ്യാൻ ഉണ്ടായിരുന്നത്.
വനിതാ ഇന്റർസിറ്റി ബസിന്റെ വനിതാ പൈലറ്റിനു പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടായിരുന്നു. തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് വനിതാ ഇന്റർസിറ്റി ബസിന് ന്യൂഗോ തുടക്കം കുറിച്ചത്. കാര്യക്ഷമത, കൃത്യനിഷ്ട, പ്രത്യേക ലീവ് പോളിസികൾ എന്നിങ്ങനെ വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച സൗകര്യങ്ങൾ ന്യൂഗോ വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ന്യൂഗോ ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ ന്യായവും തുല്യവുമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും ഗ്രീൻസെൽ മൊബിലിറ്റി സിഇഒ ദേവേന്ദ്ര ചൗള പറഞ്ഞു.
സിസിടിവി, സുഖപ്രദമായ സീറ്റുകൾ, യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി കോച്ച് ഹോസ്റ്റുകൾ എന്നീ നിരവധി സൗകര്യങ്ങൾ കമ്പനി പ്രധാനം ചെയ്യുന്നുണ്ട്. ന്യൂഗോ ബസുകൾ മെകാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ ഉൾപ്പെടെ 25 കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ബസ് സർവീസ് തുടങ്ങിയത്. ഡൽഹി-ചണ്ഡീഗഢ്, ഡൽഹി-ഡെറാഡൂൺ, ഡൽഹി-ആഗ്ര, ഡൽഹി-ജയ്പൂർ, ആഗ്ര-ജയ്പൂർ, ഇൻഡോർ-ഭോപ്പാൽ, ബാംഗ്ലൂർ-തിരുപ്പതി, ഹൈദരാബാദ്-വിജയവാഡ എന്നിവിടെയ്‌ക്കാണ് ന്യൂഗോ സർവീസ് നടത്തുക.
Comments