കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്‌ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന്റെ തെളിവെടുപ്പ് പൂർത്തിയായി. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ നാല് നാൽപ്പതോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്.
തെളിവെടുപ്പിനിടയിൽ കൊലപാതക സമയത്തും ശേഷവും നടന്ന കാര്യങ്ങൾ പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. അക്രമം നടന്ന സമയത്തെ കാര്യങ്ങൾ കൃത്യമായി തന്നെ സന്ദീപ് വിശദീകരിച്ചു. ആക്രമിക്കാനായി കത്രിക കൈക്കലാക്കിയതും അക്രമശേഷം കൈകഴുകിയതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണസംഘത്തോടെ വിശദീകരിച്ചത്. കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണസംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി.
അതേസമയം അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച സന്ദീപിന്റെ കസ്റ്റഡി കാലാവധി നാളെ പൂർത്തിയാകും. ഇന്ന് വൈദ്യ പരിശോധന നടത്തി റിപ്പോർട്ട് നാളെ സന്ദീപിനെ കൈമാറുമ്പോൾ കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. തെളിവെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ സന്ദീപിനെ വിശദമായി ചോദ്യം ചെയ്യാനാകും അന്വേഷണസംഘം ശ്രമിക്കുക.
മെയ് 9-ന് പുലർച്ചെയായിരുന്നു നിഷ്ഠൂരമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
















Comments