ഒഡീഷയ്‌ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേ ഭാരത് തീവണ്ടികളെന്നും ഹൗറയും പുരിയും തമ്മിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധം പുതിയ തീവണ്ടി ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിലെ വാണിജ്യ നഗരമായ ഹൗറയേയും ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയെയും ബന്ധിപ്പിച്ചാവും വന്ദേഭാരത് തീവണ്ടി സർവ്വീസ് നടത്തുക. ഉദ്ഘാടനയാത്രയിൽ യാത്രക്കാരോടൊപ്പം കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനും അശ്വിനി വൈഷ്ണവും ഉണ്ടായിരുന്നു.
ഇപ്പോഴിതാ യാത്രയിലെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അശ്വിനി വൈഷ്ണവ്. തന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2 സ്‌കൂൾവിദ്യാർത്ഥികൾ വന്ദേ ഭാരതിനെയും പ്രധാനമന്ത്രിയെയും പ്രശംസിച്ചുകൊണ്ടുള്ള കവിത ചൊല്ലുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി ശോഭനമായ ഒരു ഭാവിക്കായി ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയാണ്’ എന്ന തലക്കെട്ടോടെ റെയിൽവേ മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
PM @narendramodi Ji is building a strong foundation for a brighter future. pic.twitter.com/V5ZxV0VX1P
— Ashwini Vaishnaw (@AshwiniVaishnaw) May 18, 2023
അതേസമയം പുരിയിലെ ജഗന്നാഥ രഥയാത്ര ജൂൺ 20-ന് തുടങ്ങാനിരിക്കെയാണ് ക്ഷേത്ര നഗരത്തെ ബന്ധിപ്പിച്ച് വന്ദേഭാരത് തീവണ്ടി ഓടിത്തുടങ്ങുന്നത്. പുരിക്കും ഹൗറക്കും ഇടയിൽ വരുന്ന 500 കിലോമീറ്റർ ദൂരത്തിലായിരിക്കും വന്ദേഭാരത് സർവ്വീസ് നടത്തുക. ഈ മാസം 20 മുതൽ ആയിരിക്കും വന്ദേഭാരത് സർവ്വീസ് ആരംഭിക്കുക. വ്യാഴാഴ്ച ദിവസങ്ങളിൽ ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. രാവിലെ ആറിന് ഹൗറയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്‌ക്ക് 12.30-ഓടെ പുരിയിൽ എത്തിച്ചേരും. തുടർന്ന് ഒരു മണിക്കാണ് മടക്കയാത്ര. 14 ചെയർകാറുകളും രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമടക്കം 16 കോച്ചുകളാവും തീവണ്ടിയിൽ ഉണ്ടാവുക. നിലവിൽ രാജ്യത്ത് 15 വന്ദേഭാരത് തീവണ്ടികളാണ് ഓടുന്നത്.
Comments