ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദേവര’യിൽ മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും. ദസറയായിരുന്നു ഷൈൻ ടോമിന്റെ രണ്ടാമത്തെ ചിത്രം. സെയ്ഫ് അലിഖാൻ, ജാൻവി കപൂർ എന്നിവരാണ് ബോളിവുഡിൽ നിന്ന് എത്തുന്ന താരങ്ങൾ. ജൂനിയർ എൻടിആറിന് ജന്മദിനാശംസകൾ നേർന്ന് ഷൈൻ പങ്കുവച്ച കുറിപ്പിലാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
ദസറ സിനിമയിലെ ഷൈനിന്റെ അഭിനയം തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നായി വമ്പൻ ഓഫറുകളാണ് ഷൈനെ തേടിയെത്തുന്നത്. ദേവരയിൽ എൻടിആറിനും സെയ്ഫ് അലിഖാനുമൊപ്പം പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് ഷൈൻ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വൻ മുതൽമുടക്കിലൊരുങ്ങുന്ന ദേവര കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. യുവസുധ ആർട്ട്സും എൻടിആർ ആർട്ട്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് തിയറ്ററുകളിൽ എത്തുക. സിനിമയുടെ പിന്നണിയിലും മുന്നണിയിലുമായി ഇന്ത്യൻ സിനിമയിലെ പ്രമുഖർ അണിനിരക്കും എന്നാണ് വാർത്തകൾ.
Comments