ചണ്ഡീഗഢ്: 2022 ദേശീയ ജല അവാർഡിൽ ഛണ്ഡീഗഢ് ഒന്നാം സ്ഥാനം നേടി. ജലവിഭവ വകുപ്പ്, നദി വകുപ്പ്, ഗംഗാ പുനരുജ്ജീവനം എന്നിവയുടെ ജലശക്തീ മന്ത്രാലയമാണ് അവാർഡ് പ്രഖ്യാപിച്ചത്. മികച്ച നഗര തദ്ദേശസ്ഥാപന വിഭാഗത്തിലാണ് ഛണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷനെ തിരഞ്ഞെടുത്തത്.
ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള വിവിധ വാട്ടർ വർക്കുകൾ, വിതരണ ശൃംഖലകൾ, മഴവെള്ള സംഭരണങ്ങൾ, വാട്ടർ ഡ്രെയിനേജ് സിസ്റ്റം, കുളങ്ങൾ തുടങ്ങിയവയുടെ രേഖകളും വിവരങ്ങളും പരിശോധിച്ചശേഷമാണ് അവാർഡ് പ്രഖ്യാപനം നടന്നത്.
2007-ലാണ് ദേശീയ ജല അവാർഡ് നൽകുന്നത് ആരംഭിച്ചത്. സർക്കാരിതര സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, ജല ഉപഭോക്തൃ സംഘടനകൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റ് മേഖല, വ്യക്തികൾ തുടങ്ങിയ എല്ലാ സാമൂഹ്യപങ്കാളികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.
മഴവെള്ള സംഭരണത്തിലൂടെ ഭൂഗർഭജല വർദ്ധനയുടെ പുതിയ സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനും, ജല ഉപയോഗത്തിന്റെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കുമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ അനിന്ദിത മിത്ര പറഞ്ഞു.
Comments