ഹോളിവുഡ് താരവും ആർആർആറിലെ വില്ലനുമായ റേ സ്റ്റീവൻസണിന്റെ വിയോഗത്തിൽ ഞെട്ടിത്തരിച്ച് സിനിമാ ലോകം. മരണവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് സംവിധായകൻ എസ്എസ് രാജമൗലി ട്വിറ്ററിൽ കുറിച്ചത്. ആർആർആറിന്റെ സെറ്റിൽ വളരെയധികം ഊർജ്ജവും ഉന്മേഷവും നൽകിയ താരമാണ് വിട പറയുന്നത്. അകാല വിയോഗം ഏറെ ദുഃഖപ്പെടുത്തുന്നു-അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഓസ്‌കർ ചിത്രമായ ആർആർആറിൽ വില്ലൻ വേഷം ചെയ്ത് റേ സ്റ്റീവൻസൺ ശ്രദ്ധ നേടിയിരുന്നു. 58 വയസ്സായിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സ്‌കോട്ട് ബക്സ്റ്റൺ എന്ന വില്ലൻ കഥാപാത്രത്തെയാണ് റേ സ്റ്റീവൻസൺ ആർആർആറിൽ അവതരിപ്പിച്ചത്. 1998-ൽ ദി തിയറി ഓഫ് ഫ്‌ലൈറ്റ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്ന സ്റ്റീവൻസൺ, 2011-ൽ പുറത്തിറങ്ങിയ മാർവൽ ചിത്രമായ തോറിൽ വോൾസ്റ്റാഗ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ലോക സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.
















Comments