സിഡ്‌നിയിലെ പാരമറ്റ സിറ്റിയിലെ ഹാരിസ് പാർക്ക് ഇനി മുതൽ അറിയപ്പെടുക ‘ ലിറ്റിൽ ഇന്ത്യ’ എന്ന പേരിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിഡ്‌നിയിലെ ഇന്ത്യൻ ജനത ഒരുക്കിയ സ്വീകരണ ചടങ്ങിൽ ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഹാരിസ് പാർക്കിന്റെ പുതിയ പേര് അനാച്ഛാദനം ചെയ്തു. 30 ശതമാനം ഇന്ത്യൻ വംശജരുള്ള ഓസ്‌ട്രേലിയൻ സിറ്റിയായ പരമറ്റയിലെ ഒരു പ്രധാന മേഖലയാണ് ഹാരിസ് പാർക്ക്.
പ്രതീക്ഷിക്കാതെ ലഭിച്ച ഈ ആദരത്തിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി നരേന്ദ്രമോദി പറഞ്ഞു. ചാട്ടും മധുരപലഹാരങ്ങളും കഴിക്കാൻ തന്റെ സുഹൃത്ത് ആൽബനീസിനെ ‘ ലിറ്റിൽ ഇന്ത്യ’യിലേക്ക് ക്ഷണിക്കണമെന്ന് ഇന്ത്യൻ സമൂഹത്തോട് ഫലിത രൂപത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ദീപാവലി ഉൾപ്പെടെയുള്ള ഇന്ത്യൻ ആഘോഷങ്ങൾക്ക് ഓസ്‌ട്രേലിയയിൽ ഏറ്റവും പേരുകേട്ട സ്ഥലമാണ് പരമറ്റ. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജനായ സമീർ പാണ്ഡെ സിറ്റിയുടെ ലോർഡ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് നിലവിലെ മേയർ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യൻ വംശജനായ സമീറിന് അധികാരം കൈമാറുകയായിരുന്നു.
വൻ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് സിഡ്‌നിയിലെ ഇന്ത്യൻ സമൂഹം ഒരുക്കിയത്. പ്രധാനമന്ത്രിയും, മുൻ പ്രധാനമന്ത്രിയും, മന്ത്രിമാരും ഉൾപ്പെടെ രാഷ്‌ട്രീയ ഭേദമന്യേ ഓസ്‌ട്രേലിയൻ രാഷ്‌ട്രീയ പ്രമുഖരും ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കാൻ ഖുദോസ് ബാങ്ക് അരീനയിലെ വേദിയിലെത്തി. ‘മോദി ഇസ് ദി ബോസ്’ എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതിയെ പ്രശംസിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞത്. ഇന്ത്യൻ ഓസ്ട്രേലിയൻ ഡയസ്പോര ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ 20,000 ൽ അധികംപേരാണ് പങ്കെടുത്തത്.
















Comments