ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച വന്ദനാ കൊലക്കേസ് അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. അദ്ധ്യക്ഷ രേഖാ ശർമ്മയും സമിതി അംഗങ്ങളും വിശദമായ അന്വേഷണം നടത്താൻ മെയ് 25ന് കേരളത്തിലെത്തുമെന്നും കമ്മീഷൻ അറിയിച്ചു. ഡോക്ടർ വന്ദനയുടെ കൊലപാതകം റിപ്പോർട്ട് ചെയ്ത അവസരത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൃത്യവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ഡിജിപിക്ക് കത്തയക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൊലക്കേസിൽ വിശദമായ അന്വേഷണത്തിനായി കമ്മീഷൻ രണ്ടംഗ സമിതിയെ നിയോഗിച്ചത്.
മെയ് പത്തിനായിരുന്നു ഹൗസ് സർജനും 23-കാരിയുമായ വന്ദനയെ ആശുപത്രിയിലെത്തിയ രോഗി അതിക്രൂരമായി ആക്രമിച്ച് കൊലപ്പടുത്തിയത്. സംഭവത്തിൽ 42-കാരനായ സന്ദീപ് അറസ്റ്റിലായിരുന്നു. ആശുപത്രിയിൽ പരിശോധനയ്‌ക്കായി പോലീസ് എത്തിച്ചയാളാണ് അക്രമം അഴിച്ചുവിട്ടത്. അതേസമയം വന്ദനയുടെ മരണത്തിൽ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും നഷ്ടപരിഹാര തുക തീരുമാനിച്ച് സർക്കാർ അറിയിക്കട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments