ന്യൂഡൽഹി: ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നമാണ് ചെങ്കോൽ എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. എന്നാൽ നെഹ്‌റുവിന്റെ ഊന്നുവടിയെന്ന പേരിൽ ഇത്രയും കാലം അതിനെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും നന്ദകുമാർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ധർമ്മാഷ്ഠിത അധികാരത്തിന്റെ പ്രതീകമാണ് പരിപാവനമായ സെങ്കോൽ. എന്നാൽ ഇക്കഴിഞ്ഞ വർഷമത്രയും അതിനെ നെഹ്‌റുവിന്റെ ഊന്നുവടിയായി ചിത്രീകരിച്ച് അലമാരയുടെ മൂലയിൽ ഒതുക്കിയിരുന്നു. നന്ദകുമാർ ട്വീറ്റ് ചെയ്തു. ജവഹർ ലൽ നെഹ്‌റുവിന്റെ ഊന്നുവടി എന്ന പേരിൽ ചെങ്കോൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
ചോള സാമ്രാജ്യത്തിൽ അധികാരത്തിന്റെ അടിസ്ഥാനമായാണ് സെങ്കോൾ അഥവാ ചെങ്കോലിനെ കണക്കാക്കിയിരുന്നത്. പുരോഹിതർ ചേർന്ന് ചെങ്കോൽ കൈമാറുന്നതോടുകൂടിയാണ് സ്ഥാനാരോഹിതനാകുന്ന രാജാവിന് അധികാരം പൂർണമായും ലഭ്യമാകുന്നത്. ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ കാവൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന് തിരുവടുതുറൈ അഥീന മഠത്തിലെ സന്ന്യാസിമാർ അധികാരത്തിന്റെ പ്രതീകമായി നന്ദിരൂപം പതിപ്പിച്ച ചെങ്കോൽ കൈമാറി. ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് ആദ്യം നൽകിയ ശേഷം തിരികെ വാങ്ങി ഗംഗാജലം തളിച്ച് ശുദ്ധമാക്കിയാണ് ഇന്ത്യയുടെ അധികാരത്തിന്റെ പ്രതീകമായ ചെങ്കോൽ നെഹ്‌റുവിന് സന്ന്യാസിമാർ നൽകിയത്.
കാലങ്ങളോളം പ്രയാഗ് രാജിലെ (പഴയ അലഹബാദ്) മ്യൂസിയത്തിൽ നെഹ്‌റുവിന്റെ ഊന്നുവടി എന്നപേരിലാണ് ഈ ചെങ്കോൽ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. മേയ് 28 ന് പുതിയ ലോക്‌സഭ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിക്കും.
Comments