തിരുവനന്തപുരം : ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ എല്ലാ അർത്ഥത്തിലും വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തി വരുന്നത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
പത്തനംതിട്ടയിൽ മല്ലിക കളരി ഭദ്രകാളി ക്ഷേത്രത്തിലെ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. സനാതനധര്‍മം ഉള്‍ക്കൊള്ളലിന്‍റേത് കൂടിയാണെന്നിരിക്കെ യഥാർത്ഥ സനാതതധര്‍മിയായ ഒരു ഭരണാധികാരിക്ക് തന്‍റെ വിശ്വാസങ്ങളെ മൂടിവയ്‌ക്കേണ്ടതില്ലെന്നും വി.മുരളീധരൻ അഭിപ്രായപ്പെട്ടു.
രാജ്യത്തേക്ക് കടന്നു വന്ന ഓരോരുത്തരെയും സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ആരെയും മതപരിവര്‍ത്തനം നടത്തി ഹിന്ദുവാക്കാന്‍ സനാതനധര്‍മികളായ നമ്മുടെ പൂർവികർ ശ്രമിച്ചിട്ടില്ല. അതേ ഉള്‍ക്കൊള്ളലിന്‍റെ പാരമ്പര്യമാണ് സനാതതധര്‍മിയായ നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാര്‍ ഇന്നും തുടരുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ഏത് മതവിശ്വാസിയായാലും ഇവിടെ അന്തസോടെ ജീവിക്കാം. മതത്തിന്‍റെയോ നിറത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയോ പേരില്‍ ആര്‍ക്കും ഒരാനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചില അയല്‍രാജ്യങ്ങളിലേതു പോലെ ഏതെങ്കിലും മതക്കാരെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന രീതി ഭാരതത്തിലില്ലെന്നും മന്ത്രി പ്രതികരിച്ചു. മുൻപ് ഭാരതത്തിലെത്തുന്ന രാഷ്‌ട്രത്തലവന്മാർ താജ്മഹലാണ് സന്ദർശിച്ചിരുന്നതെങ്കിൽ ഇന്ന് വാരണാസിയിലും കാശിയിലുമാണ് എത്തുന്നത്. പൗരാണിക ക്ഷേത്രങ്ങളിലെ പുനപ്രതിഷ്ഠകളും ചൈതന്യത്തെ വീണ്ടെടുക്കലുമെല്ലാം ഒരു നാടിനാകെ ഐശ്വര്യവും അഭിവൃദ്ധിയും നല്‍കുന്നതാണെന്നും വി.മുരളീധരൻ പറഞ്ഞു.
Comments