തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്സൈറ്റ് പ്രവർത്തന രഹിതമായത് മണിക്കൂറുകൾ. ആർക്കും തന്നെ വെബ്‌സൈറ്റിൽ മണിക്കൂറുകളോളം പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. മരുന്നുകൾ ഉൾപ്പടെയുള്ള സാധനസാമഗ്രികൾ വാങ്ങിയതുമായി ബന്ധപ്പെട്ട ടെൻഡറുകൾ, ഓർഡർ നൽകിയ മരുന്നുകൾ എന്നിവയുടേതടക്കം മുഴുവൻ വിവരങ്ങളും അടങ്ങിയ വെബ്‌സൈറ്റ് ആണ് തകരാറിലായിരിക്കുന്നത്. എന്നാൽ വെബ്‌സൈറ്റിന് നേരിട്ടിരിക്കുന്നത് സാങ്കേതിക തകരാർ മാത്രമെന്നാണ് സർക്കാർ നൽകിയ ഔദ്യോഗിക വിശദീകരണം. മണിക്കൂറുകൾക്കൊടുവിൽ വെബ്‌സൈറ്റിന്റെ തകരാർ പരിഹരിച്ച് പുനസ്ഥാപിക്കുകയും ചെയ്തു.
അതേസമയം കൊല്ലത്തെയും തിരുവനന്തപുരത്തെയും കോർപറേഷന്റെ മരുന്ന് സംഭരണ ശാലകൾ കഴിഞ്ഞ ദിവസം തീപിടിച്ച് കത്തി നശിച്ചിരുന്നു. തിരുവനന്തപുരം കിൻഫ്രാ പാർക്കിലെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ മരുന്ന് സംഭരണ ശാലയിലാണ് തീപിടിത്തമുണ്ടായത്. തീയണയ്‌ക്കാൻ ശ്രമിക്കുന്നതിനിടയിൽ
കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞുവീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ സ്വദേശിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിന് മുൻപ് സമാനരീതിയിൽ കൊല്ലം ഉളിയക്കോവിലിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലും തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തിൽ മരുന്നുകളും മറ്റ് വസ്തുക്കളും ഉൾപ്പെടെ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇത് സംബന്ധിച്ച് സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് നിരവധി വിവരങ്ങളുള്ള വെബ്‌സൈറ്റും പ്രവർത്തനം നിലച്ച നിലയിലായത്.
Comments