അബുദാബി: അബുദാബിയിലെ ഹിന്ദു സമൂഹത്തിന്റെ ചിരകാല അഭിലാഷമായ ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. സ്വാമി നാരയാൺ സൻസ്ഥയുടെ നേതൃത്വത്തിലാണ് അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കുന്നത്. 2024 ഫെബ്രുവരിയൊടെ ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കും. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. ക്ഷേത്ര സമുച്ചയത്തിനായി 17 ഏക്കർ ഭൂമിയാണ് യുഎഇ അധികൃതർ അനുവദിച്ചത്.
യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന്റെ പ്രത്യേക ക്ഷണപ്രകാരം 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ കഴിഞ്ഞ ദിവസം ക്ഷേത്ര സമുച്ചയം സന്ദർശിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിന്റെ പ്രതീകമായാണ് ക്ഷേത്ര സമുച്ചയത്തെ ഇന്ത്യ കാണുന്നതെന്ന് സഞ്ജയ് സുധീർ പറഞ്ഞു.
ഭാരതത്തിന്റെ തനത് വാസ്തുവിദ്യയെ അടിസാഥാനമാക്കി നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികളെ കുറിച്ച് നയതന്ത്ര പ്രതിനിധികൾ ചോദിച്ച് മനസിലാക്കി. കൂടാതെ അവിടെ ജോലിചെയ്യുന്ന കരകൗശല വിദഗ്ധരുമായും ആശയവിനിമയം നടത്തി.
യുഎഇയിലെ 3.5 ദശലക്ഷം ഇന്ത്യക്കാർക്ക് പുറമേ, ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്നതായിരിക്കും അബുദാബിയിലെ ക്ഷേത്ര സമുച്ചയമെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായി തുടരുന്ന ക്ഷേത്രത്തിന്റെ പൂർത്തീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ലോകമെമ്പാടുനമുള്ള ഹിന്ദു സമൂഹം.
















Comments