പാലക്കാട്: റി ബിൽഡ് കേരളയുടെ മറവിൽ പാലക്കയം വില്ലേജ് അസിസ്റ്റന്റ് വാരിക്കൂട്ടിയത് ലക്ഷങ്ങൾ. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാവശ്യമായ രേഖകൾ നൽകുന്നതിന് പലരിൽ നിന്നായി 5000 രൂപ മുതൽ 40,000 രൂപ വരെയാണ് സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയത്. വിജിലൻസിന്റെ പ്രാഥമിക പരിശോധനയിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ ഉണ്ടായത്.
കൈക്കൂലി വന്ന വഴികളാണ് വിജിലൻസ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. മലയോര മേഖലയിൽ അതിവൃഷ്ടിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഇത്തരക്കാരിൽ നിന്നുമാണ് സുരേഷ് കുമാർ നിർബന്ധിത പണപ്പിരിവ് നടത്തിയത്.
പാലക്കയം വില്ലേജ് ഓഫീസ് പരിധിയിൽ മാത്രം 46 പേർക്കാണ് റീ ബിൽഡ് കേരളയിൽ സഹായം ലഭിച്ചത്. വട്ടപ്പാറ, അച്ചിലട്ടി, കുണ്ടപ്പൊട്ടി ഭാഗങ്ങളിൽ താമസക്കാരണിവർ. ഈ തുക ലഭിക്കാനാവശ്യമായ പൊസഷൻ സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് തുടങ്ങിയ കിട്ടാൻ ദിവസങ്ങളോളമാണ് സുരേഷ് കുമാർ ഇവരെ നടത്തിച്ചത്. ഒടുവിൽ ഇതിന് 5000 രൂപ മുതൽ 40,000 രൂപ വരെകണക്ക് പറഞ്ഞ് എണ്ണി വാങ്ങിയാണ് സുരേഷ് കുമാർ സർട്ടിഫിക്കറ്റ നൽകിയത്.
റീ ബിൽഡ് കേരളയിൽ സ്ഥലം വാങ്ങുന്നതിലും വൻ ക്രിത്രിമം കാണിച്ചതായാണ് വിവരം. സെന്റിന് 20000 രൂപ വിലയുള്ള സ്ഥലത്തിന് 50,000 രൂപ വരെ വിലയാണ് രേഖകളിൽ കാണിച്ചത്. ഇങ്ങനെ വലിയ തുക കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ പണം വാങ്ങി രേഖകൾ ശരിയാക്കി നൽകുന്നത് സുരേഷ് കുമാറിന് തനിച്ച് സാധിക്കില്ലെന്നാണ് വിജിലൻസ് സംഘം കണ്ടെത്തിയിരിക്കുന്നത്. പണം പിരിക്കാനായി പ്രത്യേക സംഘം താലൂക്ക് ഓഫീസിലും അഗളി ലാൻഡ് ട്രിബ്യൂണൽ ഓഫീസ് കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നതായി വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്.
Comments