ന്യൂഡൽഹി: മെയ് 28 ന് രാജ്യത്തിന് സമർപ്പിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പുതിയ വീഡിയോ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പാർലമെന്റിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2021 ജനുവരിയിൽ ആരംഭിച്ച് വെറും 28 മാസം കൊണ്ടാണ് ബൃഹത് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നാലു നിലകളിലായി 1224 ഇരിപ്പിടങ്ങൾ, ഭാരതീയ കലകളുടെയും പാരമ്പര്യത്തിന്റെയും മഹിമ തെളിയിക്കുന്ന ദൃശ്യങ്ങളും പാർലമെന്റ് മന്ദിരത്തിന്റെ വിവിധ ഇടങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയുടെ ഭരണം കൈമാറുന്നതിനായി ഉപയോഗിച്ച ചെങ്കോലും അർഹമായ പ്രാധാന്യത്തോടെ പാർലമെന്റിൽ സ്ഥാപിക്കും.
65,000 ചതുരശ്ര മീറ്റർ വിസ്തീർണമാണ് പാർലമെന്റിന്റെ വിസ്തീർണ്ണം. പഴയ കെട്ടിടത്തെക്കാൾ 17,000 ചതുരശ്ര മീറ്റർ അധികമുണ്ട്. എംപിമാർക്കും വിഐപികൾക്കും വെവ്വേറെ പ്രവേശിക്കാവുന്ന മൂന്നു വാതിലുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി 888 പേർക്കിരിക്കാവുന്ന ലോക്‌സഭാ ഹാളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യസഭാ ഹാളിൽ പരമാവധി 384 പേർക്കിരിക്കാം. നിലവിൽ 543 ലോക്‌സഭാംഗങ്ങളും 245 രാജ്യസഭാംഗങ്ങളുമാണുള്ളത്.
ഭാവിയിൽ എംപിമാർ കൂടിയാലും സ്ഥലപരിമിതിയുണ്ടാകാത്ത തരത്തിലാണ് സംവിധാനം. സംയുക്ത സമ്മേളനങ്ങൾക്കായി, ലോക്‌സഭാ ഹാളിൽ 1272 സീറ്റുണ്ട്. ഏറ്റവും മുകളിൽ കൂറ്റൻ അശോക സ്തംഭം. ലോക്സഭാ ചേംബറിന്റെ ഉൾവശത്ത് ദേശീയപക്ഷി മയിലാണ് പ്രമേയം. രാജ്യസഭാ ചേംബറിന്റെ ഉൾവശത്ത് ദേശീയ പുഷ്പം താമരയാണ് പ്രമേയം. ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയാണ് സെൻട്രൽ വിസ്തയ്‌ക്ക് ഒരുക്കിയിരിക്കുന്നത്. ലോഞ്ച്, ലൈബ്രറി, കമ്മിറ്റി ഹാൾ, കാന്റീൻ, പാർക്കിങ് തുടങ്ങിയവയെല്ലാം സജ്ജമാണ്. മന്ദിരത്തിനുള്ളിലായി മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരം.
ഭരണഘടനയുടെ സവിശേഷതകളും ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും ചിത്രീകരിക്കുന്ന ഭരണഘടനാ ഹാളും ഗാലറിയും ഇതോടൊപ്പമൊരുക്കിയിട്ടുണ്ട്. ദിവ്യാംഗരുടെ സുഗമമായ സഞ്ചാരത്തിനുള്ള സൗകര്യങ്ങളും പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ടാകും. വീര സവർക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രത്തിനു സമർപ്പിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 2020 ഡിസംബർ 10നു പ്രധാനമന്ത്രിയാണ് നിർവഹിച്ചത്.
















Comments