ന്യൂഡൽഹി : ഡൽഹിയിൽ പെൺകുട്ടിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം അസ്വസ്ഥവും ഭയം ജനിപ്പിക്കുന്നതുമാണെന്ന് ദേശീയ വനിതാ കമ്മീഷൻ. കുറ്റകൃത്യത്തെ കമ്മീഷൻ അപലപിക്കുകയും വിഷയത്തിൽ നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം നടത്താനും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ശ്രീമതി രേഖ ശർമ്മ ഡൽഹി പോലീസ് കമ്മീഷണർക്ക് കത്തയച്ചു.
വിഷയം അന്വേഷിക്കാൻ കമ്മീഷൻ അംഗം ഡെലീന ഖോങ്‌ഡൂപ്പിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഇരയുടെ കുടുംബത്തെ സന്ദർശിക്കുന്ന സംഘം കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ എഫ്‌ഐആറിൽ പ്രസക്തമായ വകുപ്പുകൾ ഉൾപ്പെടുത്താനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലെ രോഹിണി മേഖലയിൽ പെൺകുട്ടിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മാദ്ധ്യമ റിപ്പോർട്ടുകൾ വഴിയാണ് ദേശീയ വനിതാ കമ്മീഷൻ അറിഞ്ഞത്. രോഹിണിയിലെ ഷഹബാദ് ഡെയറി ഏരിയയിൽ വെച്ച് പ്രതികൾ ഇരയെ കത്തികൊണ്ട് ആവർത്തിച്ച് കുത്തുകയും തുടർന്ന് പാറകൊണ്ട് വെട്ടിവീഴ്‌ത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
















Comments