ആലപ്പുഴ: ചേർത്തലയിൽ അക്രമ പരമ്പര. ഒന്നിലധികം വീടുകളിൽ ഗുണ്ടകൾ കയറി ആക്രമണം നടത്തി. ഒരാൾക്ക് എയർഗണിൽ നിന്നുള്ള വെടിയേറ്റ് പരിക്കേറ്റു. വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ രഞ്ജിത്തിനാണ്(26) മുതുകിൽ വെടിയേറ്റത്. രഞ്ജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
പ്രദേശത്ത് വിവിധയിടങ്ങളിലായി മൂന്നു വീടുകൾക്ക് നേരെ അക്രമികൾ ആക്രമണം നടത്തി. ഏതാനും വാഹനങ്ങളും തല്ലിത്തകർത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയിൽ ഒറ്റപ്പുന്നക്കവലക്ക് സമീപമാണ് അക്രമങ്ങളുടെ തുടക്കം. ഇവിടെ വെച്ച് രണ്ടു സംഘങ്ങൾ തമ്മിൽ വൻ സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് വയലാറിൽ എയർഗൺ ഉപയോഗിച്ചുള്ള അക്രമണവുമുണ്ടായത്.
അതേസമയം അടുത്തിടെ നഗരത്തിൽ ഒരു ജിംനേഷ്യത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം അക്രമ പരമ്പരയുണ്ടായതെന്ന് പോലീസ് പറയുന്നു. അക്രമികളെ കണ്ടെത്താൻ ചേർത്തല മുഹമ്മ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന
















Comments