എറണാകുളം: പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പായ്‌ക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.
തപാൽ ബാലറ്റുകളടങ്ങിയ പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബാലറ്റുകൾ സൂക്ഷിക്കുന്നതിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ അടക്കമുള്ളവർക്ക് ഉത്തരവാദിത്തമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ ബാലറ്റുകൾ മാറ്റിവെച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് പരിശോധന നടത്തിയിരുന്നു. ഇതോടെ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച പെട്ടികൾ കാണാതായിരുന്നു. തിരച്ചിലിനൊടുവിൽ മലപ്പുറം രജിസ്ട്രാർ ഓഫീസിൽ നിന്നാണ് ബാലറ്റ് പേപ്പറുകൾ സൂക്ഷിച്ച പെട്ടികൾ കണ്ടെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽ നിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതായിരുന്നു എന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.
















Comments