മലയാള സിനിമാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനമായതിനാൽ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെപ്പെട്ടെന്നു തന്നെ വൈറലാകാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്ത വിട്ടിരിക്കുന്നത്.
ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചെന്നൈയിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും ഇദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ചിത്രത്തിൽ അച്ഛന്‍- മകന്‍ റോളിലാണോ മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ലിജോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ലിജോ ജോസിനൊപ്പം ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിർമ്മാണ പങ്കാളികളാണ്.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യർ ആണ്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Comments