ആഗോള ജിപിഎസ് ആകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ നാവിക്; അമേരിക്കൻ ഗതിനിർണ്ണയ സംവിധാനത്തിന് പകരക്കാരനാകും; രണ്ട് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ ഐഎസ്ആർഒ

Published by
Janam Web Desk

മുംബൈ: ആഗോള ഗതിനിർണ്ണയ സംവിധാനമാകാൻ (ജിപിഎസ്) തയ്യാറെടുത്ത് ഇന്ത്യൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം നാവിക്. കൂടുതൽ ശക്തമായ ഗതിനിർണയ, സ്ഥാനനിർണയ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആർഒ എൻവിഎസ് പരമ്പര ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് തുടക്കമിട്ടു. ഇതിന്റ ഭാഗമായി എൻവിഎസ്-01 ഉപഗ്രഹം കഴിഞ്ഞ ആഴ്ചയാണ് വിക്ഷേപിച്ചത്. ആഗോള ജിപിഎസ് എന്ന് ലക്ഷ്യം കൈവരിക്കാൻ ഇതേ സീരീസിലുള്ള അഞ്ച് ഉപഗ്രഹങ്ങളാണ് രാജ്യം വിക്ഷേപിക്കുക. രണ്ട് വർഷം കൊണ്ട് ദൗത്യം പൂർത്തിയാക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ അത്യാധുനിക ഗതിനിർണയ സംവിധാനം ഒരുക്കുന്നത്. ഇന്ത്യൻ ഭൂപ്രദേശം മുഴുവനും രാജ്യാതിർത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക.

നിലവിൽ ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾക്ക് ജിപിഎസ് സേവനം ലഭിക്കുന്നത് അമേരിക്കൻ ജിപിഎസിൽ നിന്നാണ്. ഇന്ത്യൻ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നെങ്കിലും അത് സാധാരണ മൊബൈലിൽ ലഭ്യമായിരുന്നില്ല. ഇത്തരം സിഗ്നലുകൾ ലഭ്യമാകാൻ പ്രത്യേക ചിപ്പുകളും സോഫ്റ്റുവേറുകളും ആവശ്യമാണ്. ഇത് മൊബൈൽ ഫോണിന്റ വില കുത്തനെ വർദ്ധിക്കാൻ കാരണമാകും. എന്നാൽ നാവിക് ശക്തമാകുന്നതൊടെ ഇത്തരം പ്രത്യേക സംവിധാനം ഏർപ്പെടുത്തേണ്ട ആവശ്യമില്ല.

രാജ്യത്തെ മത്സ്യബന്ധന ബോട്ടുകൾക്കും കപ്പലുകൾക്കും വാണിജ്യ വാഹനങ്ങളിലുമാണ് നിലവിൽ നാവികിന്റെ സേവനങ്ങൾ ലഭ്യമാണ്. സൈനിക ആവശ്യങ്ങൾക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്.
എന്നാൽ ഇത് ഇന്ത്യൻ ഉപയോക്തക്കളുടെ ജിപിഎസ് ആവശ്യങ്ങൾക്ക് പര്യാപ്തമായിരുന്നില്ല. ഇതിന് പരിഹാരമേകാൻ ശക്തമായ സംവിധാനം ഒരുക്കുകയാണ് ഐഎസ്ആർഒ. എൻവിഎസ് സീരിസിലെ മുഴുവൻ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതൊടെ ആഗോള ഗതിനിർണ്ണയ സാറ്റലൈറ്റ് ആയി നാവിക് മാറും.

നിലവിലുള്ള നാവിക് ഉപഗ്രഹം എൽ-5, എസ് ബാൻഡുകളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു. എന്നാൽ പുതിയ എൻവിഎസ് സീരീസിന്റെ പ്രവർത്തനം എൽ-2, എൽ-1 സിഗ്നലുകൾ ഉപയോഗിച്ചായിരിക്കുമെന്ന് ഐഎസ്ആർഎ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. ഇത്തരം സിഗ്നലുകൾ ഉപയോഗിക്കാൻ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ അംഗീകാരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യുറോപ്പിന്റെ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഗലീലിയോയ്‌ക്ക് മാത്രമാണ് ഇത്തരം സിഗ്നലുകൾ ഉപയോഗിക്കാൻ അനുമതി.

Share
Leave a Comment