എറണാകുളം: രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുഎസ് നിർമിത എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററും പറന്നിറങ്ങി. മിഗ് 29 കെ വിമാനത്തിന്റെ രാത്രി ലാൻഡിംഗ് കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎച്ച് 60 ആർസീ ഹോക് ഹെലികോപ്റ്ററും വിജയകരമായി ലാൻഡ് ചെയ്തിരിക്കുന്നത്. ഇത് പ്രധാനമായും അന്തർവാഹിനി പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ്.
ഫോറിൻ മിലിറ്ററി സെയിൽസ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഇത്തരത്തിൽ 24 ഹെലികോപ്റ്ററുകളാണ് യുഎസിൽ നിന്ന് വാങ്ങുക. അടുത്ത വർഷം അവസാനത്തോട് കൂടി ഈ ഹെലികോപ്റ്ററുകളെല്ലാം തന്നെ ഇന്ത്യയിലേക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. അന്തർവാഹിനി പ്രതിരോധ യുദ്ധത്തിന് പുറമേ വിവിധ സമുദ്ര യുദ്ധ ദൗത്യങ്ങൾക്കും കൂടാതെ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണിത്. ആദ്യ ഘട്ടത്തിൽ ആറ് ഹെലികോപ്റ്ററുകളാണ് ലഭിച്ചത്. ഇതിൽ മൂന്നെണ്ണം കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ളഐഎൻഎസ് ദ്രോണാചാര്യയിലുണ്ട്.
കൊച്ചിയിൽ നിന്നെത്തിച്ച ഹെലികോപ്റ്റർ ഇറക്കിയാണ് പരീക്ഷണം നടത്തിയത്. അത്യാധുനിക ദിശാനിർണയ ഉപകരണങ്ങളും റഡാർ സംവിധാനങ്ങളും കൂടി ഇതിൽ സ്ഥാപിക്കുന്നതോടെ ആറ് മാസത്തിനുള്ളിൽ വിക്രാന്ത് പൂർണമായും യുദ്ധസജ്ജമാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
Comments