വയനാട് : 1090 ക്വിന്റൽ കുരുമുളക് കടത്തി മൂന്ന് കോടിയിലധികം രൂപ തട്ടിച്ച വീരനെ അതിസാഹസികമായി പിടികൂടി . മുംബൈ സ്വദേശി മൻസൂർ നൂർ മുഹമ്മദ് ഗാനിയാനി (59) ആണ് വെള്ളമുണ്ട പൊലീസിന്റെ പിടിയിലായത് . കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്നു . 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു തട്ടിപ്പ്.
കാരാട്ടുകുന്നിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും 1,09,000 കിലോയോളം വരുന്ന കുരുമുളകാണ് ഇയാൾ തട്ടിയെടുത്തത്. പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുരുമുളക് കൊണ്ടു പോവുകയായിരുന്നു. ജിഎസ്ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപ നൽകാതെ വഞ്ചിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. സുരക്ഷയ്‌ക്കായി പ്രതി ആയുധധാരികളായ അംഗരക്ഷകരെ നിയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. താമസസ്ഥലത്തെത്തി അതിസാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടിയത് .
















Comments