ന്യൂഡൽഹി: ഗോവ- മുംബൈ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചതായി കൊങ്കൻ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫ്രൻസിലൂടെ ആയിരുന്നു പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തെ തുടർന്നാണ് ഫ്ലാഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചത്.
ഫ്ലാഗ് ഓഫ് ചടങ്ങിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു എന്നാൽ മന്ത്രി ഇപ്പോൾ ഒഡീഷ ട്രെയിൻ അപകടസ്ഥലത്തേയ്‌ക്ക് പോകുന്നതിനാലാണ് പരിപാടി റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചിരുന്നു.
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹാനഗറിൽ ഷാലിമർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്ക് അശ്വിനി വൈഷ്ണവ് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.
Comments