തിരുവനന്തപുരം: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്തെ എല്ലാ പാർട്ടി പരിപാടികളും നിർത്തിവെച്ചതായി കേരളാ ബിജെപി അറിയിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആദരാഞ്ജലിയും അർപ്പിച്ചു. ‘ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം ഞെട്ടിക്കുന്നതാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിന് ഒപ്പം ചേരുന്നു. ചികിത്സയിലുള്ളവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു’എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ട്രെയിൻ ദുരന്തത്തിൽ ഒഡീഷയിൽ ഒരു ദിവസത്തെ ദുഃഖാചരണം മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹനാഗയിൽ റെയിൽവേ സ്റ്റേഷനടുത്തുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ മൂന്നിന് സംസ്ഥാനത്തുടനീളം ദുഃഖാചരണം പ്രഖ്യാപിച്ചതായി ഒഡീഷ സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തിരുന്നു.
Comments