ഭുവനേശ്വർ: രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തത്തിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ നടത്തിയത് കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം. ഇന്നലെ രാത്രി നടന്ന അപകടത്തിന് തൊട്ട് പിന്നാലെ കൈയിൽ കിട്ടിയ വസ്തുക്കളുമായി ആദ്യം ഓടിയെത്തിയത് നാട്ടുകാർ. രക്ഷാപ്രവർത്തനം ആരംഭിച്ച നിമിഷം മുതൽ ഒരു ജീവൻ പോലും മരണത്തിന് വിട്ടുകൊടുക്കാതെയാണ് ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.
രാത്രി അപകടസ്ഥലം ഇരുട്ട് മൂടിയപ്പോഴും ജീവന്റെ തുടിപ്പിനായുളള അന്വേഷണത്തിലായിരുന്നു ഉദ്യോഗസ്ഥർ. ദുരന്തത്തിന് ദൃക്‌സാക്ഷിയായവർ കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് ട്രെയിൻ കോച്ചുകളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനാണ് ശ്രമിച്ചത്. ഗ്യാസ് കട്ടറുകളും ഇലക്ട്രിക് കട്ടറുകളും ഉപയോഗിച്ച് കോച്ചുകൾ പൊളിച്ച് ഓരോരുത്തരെയും പുറത്തെടുത്തു. അതിനായി ഒരു രാത്രി മുഴുവനും പരിശ്രമിച്ചു. അപകടത്തിൽ ബോഗിയ്‌ക്ക് അടിയിൽപ്പെട്ട കോച്ചിനെ ഉയർത്താൻ കൂറ്റൻ ക്രെയിനുകളും ബുൾഡോസറുകളും കൊണ്ടുവന്നു.
ഒഡീഷ സംസ്ഥാന ദ്രുതകർമ സേന, ദേശീയ ദുരന്ത നിവാരണ സേന, വിവിധ അഗ്‌നിരക്ഷാ സേനകൾ, പോലീസ് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിങ്ങനെ നിരവധി ടീമുകൾ ഉൾപ്പെട്ട സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനത്തിനുടനീളം പങ്കെടുത്തത്. ഇന്ത്യൻ വ്യോമസേന എംഐ-17 ഹെലികോപ്റ്ററുകൾ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമായിരുന്നു. ഒറ്റ രാത്രികൊണ്ട് അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ പരിശ്രമിച്ച നാട്ടുകാർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് നന്ദി അറിയിച്ചു.
Comments