മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ മറക്കാൻ ഒരു ഇന്ത്യക്കാരനുമാകില്ല. മലയാളിയായ സന്ദീപിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രമായിരുന്നു മേജർ. സാഷി കിരൺ ടിക്ക സംവിധാനം ചെയ്ത ബയോഗ്രാഫിക് ആക്ഷൻ ചിത്രത്തിൽ അദിവി ശേഷ് ആയിരുന്നു നായകൻ. കഴിഞ്ഞ വർഷം ജൂൺ 3-ന് ആയിരുന്നു ചിത്രം പ്രദർശത്തിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം വർഷം ആഘോഷിക്കുന്ന വേളയിൽ മേജർ സന്ദീപിന്റെ കുടുംബത്തെ കാണാൻ എത്തിയിരിക്കുകയാണ് അദിവി ശേഷ്.
സന്ദീപിന്റെ മാതാപിതാക്കളെ കാണാനെത്തിയ താരം ഇരുവർക്കുമൊപ്പം സമയം ചിലവഴിച്ചു. ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. ‘അവരുടെ പുഞ്ചിരിക്ക് പിന്നിലും അവർ കണ്ണീരിനോട് പോരാടുന്നത് വ്യക്തമായിരുന്നു. മേജർ എന്ന സിനിമയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് താൻ അമ്മയെയും അങ്കിളിനേയും’ കാണാനെത്തിയതെന്ന് ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശേഷ് പറഞ്ഞു. തോളിൽ വേദനയുണ്ടെങ്കിലും ‘അമ്മ’ തനിക്കായി ഭക്ഷണം പാകം ചെയ്തു തന്നുവെന്നും ശേഷ് പറഞ്ഞു.
മേജർ തന്റെ ഏറ്റവും അവിസ്മരണീയമായ ചിത്രങ്ങളിലൊന്നാണെന്നും ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകിയ മഹേഷ് ബാബുവിനും നിർമ്മാതാക്കൾക്കും സംവിധായകനും ശേഷ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. പ്രേക്ഷകർ ഞങ്ങൾക്ക് നൽകിയ സ്‌നേഹവും ആദരവും വളരെ വലുതാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്നായിരുന്നു ചിത്രത്തിന്റെ വിജയത്തെ കുറിച്ച് താരം പ്രതികരിച്ചത്.
Comments