തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ വെച്ച് അതി ക്രൂരമായി മർദ്ദിച്ച കേസിൽ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ കെ വിനോദ്, എസ്ഐ എ പി അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇവരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ട്. ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്. കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച വിഷയമാണ് സൈനികനെ മർദ്ദിച്ച സംഭവം.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷമാണ് സൈനികനെയും സഹോദരനെയും പോലീസുകാർ ക്രൂരമായി മർദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചുമത്തിയത്. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിച്ചു എന്ന രീതിയിലാണ് വാർത്ത പുറത്തുവന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പോലീസ് വാദം കള്ളമാണെന്ന് തെളിയിക്കുന്ന രീതിയിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
എംഡിഎംഎ കേസ് പ്രതികളെ കാണാനായി സ്റ്റേഷനിലെത്തിയ കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവർ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പോലീസ് പറഞ്ഞ് പരത്തിയത്. എന്നാൽ യഥാർത്ഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുമായി വിഷ്ണു വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.
Comments