അയോദ്ധ്യ: അയോദ്ധ്യയെ ലോകോത്തര മത വിനോദസഞ്ചാര നഗരമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനവും കേന്ദ്ര സർക്കാരും നടത്തുന്നുണ്ടെന്ന് ഉത്തർപ്രദേശിലെ ബിജെപി എംപി ലല്ലു സിംഗ്. രാജ്യത്ത് ബിജെപി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോദ്ധ്യയിൽ ബിജെപി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു .
അയോദ്ധ്യയെ ലോകോത്തര മത ടൂറിസം നഗരമായി വികസിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 57,136.21 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. അയോദ്ധ്യ ലോക്‌സഭാ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ ഏകദേശം 48,716.94 കോടി രൂപയുടെ അംഗീകാരം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. ഇത് കൂടാതെ അയോധ്യയുടെ വികസനത്തിനായി 8419.27 കോടി രൂപയുടെ പദ്ധതികൾക്ക് യോഗി സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
ലോക ഭൂപടത്തിൽ അയോദ്ധ്യയ്‌ക്ക് അതിന്റേതായ ഇടം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അതിന് അർഹമായ അംഗീകാരം ഉടൻ നൽകുമെന്നും ലല്ലു സിംഗ് പറഞ്ഞു. ഗുപ്താർ ഘട്ട്, വിനോദ ദ്വീപ്, അയോധ്യയിലെ സൂര്യ കുണ്ഡ് എന്നിവയുടെ നിർമ്മാണവും നടക്കുന്നുണ്ടെന്ന് സിംഗ് വ്യക്തമാക്കി.
അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് സൗകര്യാർത്ഥം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. കൂടാതെ, ഹോട്ടലുകൾക്കും ധർമ്മശാലകൾക്കും ഒപ്പം വിവിധ സ്ഥലങ്ങളിൽ ചെറിയ വിശ്രമമന്ദിരങ്ങളും നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂറിസം രാജ്യത്തെ ഏറ്റവും വലിയ വ്യവസായമാണെന്നും വിനോദസഞ്ചാരികളുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും സിംഗ് ചൂണ്ടികാട്ടി.
















Comments