പ്രേക്ഷകരെ ആഴത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കം മാറാതെ നിൽക്കുകയാണ് കേരളക്കര. സുധിയുടെ ഭൗതികദേഹം കാണാൻ മകൻ രാഹുൽ ആശുപത്രിയിൽ എത്തിയപ്പോഴുള്ള കാഴ്‌ച്ചയാണ് ഏവരുടെയും ഹൃദയം തകർക്കുന്നത്. ആശുപത്രിയിൽ എത്തിയാണ് രാഹുൽ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞു.
ഒരുപാട് കഷ്ടപ്പാടുകൾക്ക് ഇടയിലൂടെ വളർന്നുവന്ന കലാകാരനാണ് കൊല്ലം സുധി. പ്രണയിച്ച് വിവാഹം കഴിച്ച കൊല്ലം സുധിയുടെ മകന് ഒന്നരവയസ്സുള്ളപ്പോൾ ഭാര്യ അകന്നു പോയിരുന്നു. അതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് ഒറ്റയ്‌ക്ക് മകൻ രാഹുലിനെ വളർത്തിയത്. ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു. അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. മകന് 11 വയസ്സായപ്പോഴാണ് സുധി മറ്റൊരു വിവാഹം കഴിച്ചത്. അന്നു മുതൽ മോൻ രാഹുൽ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ലയെന്നും ഭാര്യ രേണുവിന് ജീവനാണ് രാഹുലിനെയെന്നും തന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകമെന്നും വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സുധി പറഞ്ഞിരുന്നു.
ടെലിവിഷൻ രംഗത്ത് സജീവ സാന്നിദ്ധ്യമായി നിന്ന് ആരാധകർ നെഞ്ചിലേറ്റുകയും ചെയ്ത ഘട്ടത്തിൽ സുധിയുടെ വിടവാങ്ങൽ സ്വന്തമായി ഒരു വീട് വയ്‌ക്കണമെന്ന സ്വപ്നങ്ങൾ ഉൾപ്പെടെ ബാക്കി വെച്ചാണ്. ഇന്ന് രാവിലെയാണ് കലാലോകത്തോട് വിട പറഞ്ഞ് നടൻ യാത്രയായത്. പ്രോഗ്രാം കഴിഞ്ഞ് വടകരയിൽനിന്ന് തിരിച്ചുവരവെ പുലർച്ചെ 4.40-ടെ തൃശൂർ കയ്പ്പമംഗലത്ത് വെച്ച് വാഹനാപകടത്തിലാണ് സുധി മരണപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടെന്നുള്ള താരത്തിന്റെ വിയോഗം സഹപ്രവർത്തർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. സുധിയെ അനുസ്മരിച്ച് നിരവധി മലയാള സിനിമാ സീരിയൽ താരങ്ങളാണ് സമൂഹമാദ്ധ്യമത്തിലൂടെ കുറിപ്പുകൾ പങ്കുവെച്ചത്.
















Comments