മുംബൈ: മുംബൈ വിമാനത്താവളത്തിൽ രണ്ട് വ്യത്യസ്ത കേസുകളിലായി 10 കിലോയിലധികം സ്വർണ്ണം പിടിച്ചെടുത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). ജൂൺ 3, 4 തീയതികളിലാണ് സംഭവം നടന്നത്.
ജൂൺ 3, ശനിയാഴ്ച എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് വഴി ഷാർജയിൽ നിന്ന് മുംബൈയിലെത്തിയ രണ്ടു യാത്രക്കാരാണ് സ്വർണ്ണം കടത്തിയതിന് പിടിയിലായത്. ഇവരിൽ നടത്തിയ പരിശോധനയിൽ 8 കിലോ ഭാരമുള്ള 24 കാരറ്റിന്റെ 8 സ്വർണ്ണക്കട്ടികളാണ് ഡിആർഐ കണ്ടെടുത്തത്. അരയിൽ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
പിന്നീട് കൂടുതൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യാത്രക്കാരുമായി സഹകരിച്ച ഒരാളെ കൂടി ഡിആർഐ പിടികൂടി. പരിശോധനയിൽ കണ്ടെടുത്ത 4.94 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ തൂക്കമുള്ള സ്വർണ്ണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. അങ്ങനെ ആദ്യ കേസിൽ മൂന്ന് പേരെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.
ജൂൺ 4 ഞായറാഴ്ച, ദുബായിൽ നിന്ന് എത്തിയ ഇന്ത്യൻ പൗരനെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷ്ണൽ (സിഎസ്എംഐ) വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ പിടികൂടിയത്. യാത്രക്കാരന്റെ ബാഗേജിൽ നടത്തിയ പരിശോധനയിൽ സ്ത്രീകൾ ഉപയോഗിക്കുന്ന 56 പേഴ്സുകൾ കണ്ടെടുക്കുകയായിരുന്നു.
ആകെ രണ്ടു കിലോ ഭാരം വരുന്ന 24 കാരറ്റ് സ്വർണ്ണം സിൽവർ കളർ മെറ്റൽ വയറുകളുടെ രൂപത്തിൽ ഈ ലേഡീസ് പേഴ്സുകൾക്കുള്ളിൽ പ്രത്യേകരീതിയിൽ ഒളിപ്പിച്ചാണ് പ്രതി സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇതിന് ഏകദേശം 1,23,80,875 രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഈ രണ്ടു കേസുകളിലും കൂടി ഏകദേശം 6.2 കോടി വിലമതിക്കുന്ന 10 കിലോ സ്വർണ്ണമാണ് ഡിആർഐ പിടിച്ചെടുത്തതെന്നും ആകെ 4 യാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിആർഐ അധികൃതർ അറിയിച്ചു.
















Comments