ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ പ്രാവശ്യം നടന്ന യോഗത്തിൽ ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം നിയന്ത്രിതമാവുകയും കൂടുതൽ കുറയാനുമുള്ള സാഹചര്യം കണക്കിലെടുത്ത് ഈ യോഗത്തിലും പലിശ നിരക്കിൽ മാറ്റമുണ്ടായേക്കില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടൽ. 43-ാമത് എംപിസി യോഗത്തിന്റെ തീരുമാനം ജൂൺ 8-ന് പ്രഖ്യാപിക്കും.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. ജൂൺ 6 മുതൽ 8 വരെയുള്ള മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ആറംഗങ്ങളുണ്ടാകും. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പം ഇക്കഴിഞ്ഞ ഏപ്രിലിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനമായി കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംപിസി യോഗം ചേരുന്നത്. സാമ്പത്തിക വർഷത്തിൽ സെൻട്രൽ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ രണ്ടാമത് നടക്കുന്ന യോഗമാണിത്.
ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ നിരക്ക് വർദ്ധന താല്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെ 6.5 ശതമാനം എന്ന റിപ്പോ നിരക്കിൽ തന്നെ തുടരുകയായിരുന്നു. മുൻപ് നാണയപ്പെരുപ്പം പിടിച്ചുനിർത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിൽ 2022 മേയ് മുതൽ തുടർച്ചയായി ആറ് തവണ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബി.പി.എസ് പോയിന്റാണ് ആർ.ബി.ഐ ഉയർത്തിയിരുന്നത്.
Comments