എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജ രേഖയുണ്ടാക്കിയ കേസിൽ കോളേജ് പ്രിൻസിപ്പാളിന്‍റെ മൊഴിയെടുത്ത് പോലീസ്. കോളേജിന്റെ ഭാഗത്ത് നിന്നും വിദ്യയ്‌ക്ക് യാതൊരു വിധ സഹായവും നൽകിയിട്ടില്ലെന്ന് പോലീസിനോട് പ്രിൻസിപ്പാൾ പറഞ്ഞു. സംഭവം നടന്നത് അഗളിയിലായതിനാൽ കേസ് അഗളി പോലീസിന് കൈമാറുമെന്ന് കൊച്ചി പോലീസ് അറിയിച്ചു. ഇത് കൂടാതെ, കാസർകോടും പാലക്കാടും വ്യാജ രേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചറായി നിയമനത്തിന് ശ്രമിച്ചെന്ന ആരോപണത്തിൽ പരാതി നൽകണമോ എന്ന കാര്യത്തിൽ മഹാരാജസ് കോളേജ് ഇന്ന് തീരുമാനമെടുക്കും.
മഹാരാജാസ് കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിനിയായ കെ. വിദ്യ രണ്ട് വർഷം മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലെക്ച്ചറായി പ്രവർത്തിച്ചിട്ടുണ്ടെന്നുള്ള രേഖയാണ് ചമച്ചത്. ഈ വ്യാജ രേഖയുമായി അട്ടപ്പാടി സർക്കാർ കോളേജിൽ ജോലിയ്‌ക്ക് ശ്രമിക്കുകയായിരുന്നു ഇവർ. എന്നാൽ ഹാജരാക്കിയ രേഖകളിൽ അട്ടപ്പടി കോളേജിന് സംശയം തോന്നിയതോടെ പിടിക്കപ്പെട്ടു. തുടർന്ന് മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ മഹാരാജസ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകി.
നേരത്തേയും വിദ്യ വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നാണ് വിവരങ്ങൾ. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ അടുത്ത സുഹൃത്താണ് വിദ്യ. വ്യാജരേഖ നിർമ്മിക്കാൻ സാഹായിച്ചതിന് പിന്നിൽ ആർഷോയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മഹാരാജാസിൽ പഠിക്കുമ്പോഴും പിന്നീട് കാലടി സർവ്വകലാശാലയിൽ പഠിക്കുമ്പോഴും വിദ്യാ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയും വിവിധ ചുമതലകളും വഹിച്ചിട്ടുള്ള നേതാവുമാണ്. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജ് തിരഞ്ഞെടുപ്പിലെ ആൾമാറാട്ടത്തിനു പിന്നാലെ എസ്എഫ്ഐ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് മഹാരാജാസ് സംഭവങ്ങൾ.
















Comments