എറണാകുളം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കെ.വിദ്യയ്‌ക്ക് തിരിച്ചടി. കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്തു നിന്ന് ബിച്ചു മലയില്‍ പിന്മാറി. നിരപരാധിത്വം വിദ്യ തെളിയിക്കുന്ന വരെ സ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്ന് ബിച്ചു മലയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് സർവകലാശാല വെെസ് ചാൻസിലർക്ക് ബിച്ചു കെെമാറി.
മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് മാർഗനിർദേശങ്ങൾ നൽകുന്നത് മറ്റ് വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകും. നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നതുവരെ വിദ്യയ്ക്ക് മാർഗനിർദേശങ്ങൾ നൽകാൻ കഴിയില്ല. ഇത് സംബന്ധിച്ചുള്ള തീരുമാനം ഔദ്യോഗികമായി മലയാള വിഭാഗം എച്ച്.ഒ.ഡി വഴി വിസിക്ക് കെെമാറിയെന്ന് ബിച്ചു മലയില്‍ പറഞ്ഞു.
2020-ലാണ് കെ.വിദ്യ കാലടി സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായി പ്രവേശിക്കുന്നത്. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളജിൽ താത്കാലിക അദ്ധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ എസ്എഫ്ഐ വനിതാ നേതാവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
















Comments