റോം: ചരിത്രത്തിൽ ഇടംപിടിച്ച് ഇറ്റാലിയൻ പാർലമെന്റിലെ വനിതാ അംഗം ഗിൽഡ സ്പോർത്തിയല്ലോ. ഇവർ ഫൈവ്-സ്റ്റാർ മൂവ്മെന്റെ എന്ന പ്രതിപക്ഷ കക്ഷിയുടെ അംഗമാണ്. കഴിഞ്ഞ ദിവസം പാർലമെന്റിലെ അധോസഭയിൽ നടന്ന പൊതുഭരണ വോട്ടെടുപ്പിനിടെയാണ് ഗിൽഡ മകൻ ഫെഡറിക്കോയെ മൂലയൂട്ടിയത്. ഇറ്റാലിയൻ പാർലമെന്റിനകത്ത് ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു പുതിയ നിയമം പാസ്സാക്കിയത്. വനിതാ അംഗങ്ങൾക്ക് തങ്ങളുടെ ഒരു വയസ്സുവരെ പ്രായമുള്ള കുട്ടിയുമായി പാർലമെന്റിൽ എത്താനും മുലയൂട്ടാനുമുള്ള അനുവാദം പാസ്സാക്കിയത്.
മറ്റു പല ലോകരാജ്യങ്ങളിലും പാർലമെന്റിനുള്ളിൽ മുലയൂട്ടാൻ അനുവാദമുണ്ട്. എന്നാൽ കാലങ്ങളായി പുരുഷ മേധാവിത്വം നിലനിൽക്കുന്ന പാർമെന്റാണ് ഇറ്റലിയുടേത്. ഇറ്റലിയിൽ വളരെ വൈകിയാണ് ഇതിനുള്ള അനുവാദം നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി അധികാരമേറ്റെരിന്നു. എന്നാൽ ഇറ്റലിയിൽ ഇപ്പോഴും നിയമ നിർമാതാക്കളിൽ മൂന്നിൽ രണ്ടുപേരും പുരുഷന്മാർ തന്നെയാണ്.
വോട്ടെടുപ്പിനു ശേഷം അമ്മയേയും മകനെയും മറ്റ് പാർലമെന്റ് അംഗങ്ങൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. പാർലമെന്റ് വൈസ് പ്രസിഡന്റ് ജോർജിയോ മ്യൂൾ, വനിതാ അംഗത്തെ അഭിനന്ദിക്കുകയും അവരെ സഭയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഈ സംഭവത്തോടെ തൊഴിൽ മേഖലയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ലോകമെമ്പാടും സജീവമായ സമയത്താണ് ഇറ്റാലിയൻ പാർലമെന്റിൽ നിന്നുള്ള ചിരിത്ര പ്രധാനമായ വാർത്ത പുറത്തുവരുന്നതെന്നാണ് സ്ത്രീ സമൂഹത്തിന്റെ പ്രതികരണം.
Comments