മുംബൈ: തീവ്ര ഇസ്ലാമിക സംഘടനകൾ ഔറംഗസേബിന്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് ഘോഷയാത്ര നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി അമരാവതി എംപി നവനീത് കൗർ റാണ. ഔറംഗസേബിന്റെ പേര് ഉയർത്തിപ്പിടിച്ച് ചിലർ മഹാരാഷ്‌ട്രയെ വിഭജിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം പ്രചരണങ്ങൾ മഹാരാഷ്‌ട്രയിൽ വിലപ്പോകില്ല. ഔറംഗസേബ് വാദം ഉയർത്തുന്നവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ നവനീത് റാണ ആവശ്യപ്പെട്ടു.
മഹാരാഷ്‌ട്രയിലെ കോലാപൂരിൽ ഔറംഗസേബിന്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തകർ നടത്തിയ റാലിയെ തുടർന്നാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. പതിനായിരക്കണക്കിന് ഹിന്ദുക്കളെയും സിഖുകാരെയും കൂട്ടക്കൊല ചെയ്ത ഭരണാധികാരുടെ ചിത്രം പ്രദർശിപ്പിച്ച് പ്രകടനം നടത്തിയവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നത്. ഘോഷയാത്ര നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു.
വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തുവന്നു. മഹാരാഷ്‌ട്രയുടെ വീരപുരുഷന്മാർ ഛത്രപതി ശിവജിയും ഛത്രപതി സാബാംജിയും മാത്രമാണെന്നും മറ്റാരുമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ അടുത്തകാലത്ത് സംസ്ഥാനത്തിന്റെ ചിലഭാഗത്ത് ഔറംഗസേബിന്റെ പുത്രന്മാർ പിറവി എടുത്തിട്ടുണ്ടെന്നും അത് അംഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇപ്പോൾ ഉയർന്നുവന്ന ഔറംഗസേബ് വാദത്തിന് പിന്നിലെന്ന് കണ്ടെത്തുമെന്നും ഉചിതമായ ശിക്ഷനൽകുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
















Comments