തിരുവണ്ണാമലൈ: സൈനികർക്കും കുടുംബാംഗങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ തമിഴ് നാട്ടിൽ തുടർക്കഥയാകുകയാണ്. ഇപ്പോഴിതാ ഒരു സൈനികന്റെ ഭാര്യയെ 120 ഗുണ്ടകൾ ചേർന്ന് അർദ്ധനഗ്നയാക്കി മർദ്ദിച്ച വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. തിരുവണ്ണാമലൈ ജില്ലയിലെ ആരണിക്കടുത്തുള്ള പടവേടു ഗ്രാമത്തിൽ നിന്നുള്ള സൈനികനാണ് പ്രഭാകരൻ. കീർത്തിയാണ് ഭാര്യ. പ്രഭാകരൻ കാശ്മീരിലാണ് സൈനിക സേവനം ചെയ്യുന്നത്. ഭാര്യ കീർത്തി ഒരു ഫാൻസി കട നടത്തുകയായിരുന്നു.
ഈ കട ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാമു എന്ന ഗുണ്ട ഉൾപ്പെടെയുള്ള ചിലർ തന്റെ ഭാര്യയെ ആക്രമിച്ചതായിട്ടാണ് ജവാന്റെ പരാതി. കട ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഗുണ്ടകൾ ഭാര്യയെ അർദ്ധനഗ്നയാക്കി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായതിനാൽ വെല്ലൂർ അടുക്കംപാറയിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോക്കൽ പോലീസ് കേസ് എടുക്കാത്തതിനാൽ കാശ്മീരിൽ നിന്ന് ഡിജിപിയോട് പരാതിപ്പെട്ടു കൊണ്ട് തിരുവണ്ണാമലൈ സ്വദേശിയായ സൈനികൻ വീഡിയോ ചെയ്തു സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ വൈറലായി.
വീഡിയോയിൽ തമിഴ്‌നാട് സർക്കാരിനോട് നീതി ആവശ്യപ്പെടുകയാണ് ജവാൻ. ‘ശത്രുക്കളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഞാൻ ഇന്ത്യൻ ആർമിയിലാണ്, ഇപ്പോൾ കാശ്മീരിലാണ് നിയമനം. ഞാൻ എന്റെ വീട്ടിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയാണ്. എന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചു. ഇത് സംബന്ധിച്ച് ഞാൻ തിരുവണ്ണാമലൈ ജില്ലാ എസ്പിക്ക് പരാതി അയച്ചിട്ടുണ്ട്. ലോക്കൽ പൊലീസ് സ്റ്റേഷൻ നടപടിയൊന്നും എടുത്തില്ല. എന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് പട്ടാളക്കാരൻ കൂപ്പുകൈകളോടെ മുട്ടുകുത്തി നീതി ചോദിക്കുന്നതും വീഡിയോയിൽ കാണാം.
തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ടിരിക്കുകയാണ്.ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് . കാശ്മീരിൽ തന്റെ രാജ്യത്തെ ധീരമായി സേവിച്ച് കൊണ്ടിരിക്കുന്ന കോൺസ്റ്റബിളിനോടും തിരുവണ്ണാമലൈയിൽ താമസിക്കുന്ന ഭാര്യയോടും താൻ ഫോണിൽ സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തെ അപലപിക്കുന്നുവെന്നും അടിയന്തര പ്രതികരണവും നടപടിയും അഭ്യർത്ഥിക്കുന്നതായും ഓൾ ഇന്ത്യ എക്‌സ്-സർവീസ്‌മെൻ കൗൺസിൽ തമിഴ്‌നാട് സീനിയർ വൈസ് പ്രസിഡന്റ് എൻ ത്യാഗരാജൻ പറഞ്ഞു.
“നമ്മൾ ഏത് ലോകത്താണ്? കാശ്മീരിൽ ഡ്യൂട്ടിയിലുള്ള ഒരു സൈനികൻ തമിഴ്‌നാട്ടിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്ന ദയനീയമായ അവസ്ഥയാണിത്. ഒരു സൈനികൻ രാജ്യത്തെ സംരക്ഷിക്കാൻ പോകുമ്പോൾ, സൈനികന്റെ ഭാര്യയെയും കുടുംബത്തെയും പരിപാലിക്കുക എന്നത് സർക്കാരിന്റെ പരമോന്നത ഉത്തരവാദിത്തമാണ്. തമിഴ്‌നാട്ടിൽ ഇത്തരം സംഭവങ്ങൾ പെരുകുന്നത് അരാജക സാഹചര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും യുവതിക്ക് നീതി ലഭ്യമാക്കണമെന്നും അഭ്യർത്ഥിക്കുന്നു. ത്യാഗരാജൻ പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി മാസത്തിൽ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ വാട്ടർ ടാങ്കിന് സമീപം വസ്ത്രങ്ങൾ കഴുകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡിഎംകെ കൗൺസിലറും സഹായികളും ചേർന്ന് 33 കാരനായ ഇന്ത്യൻ ആർമി സൈനികനെ തല്ലിക്കൊന്ന വാർത്ത വിവാദമായിരുന്നു.
ഫെബ്രുവരി എട്ടിന് പോച്ചംപള്ളി പ്രദേശത്തെ ടാങ്കിന് സമീപം വസ്ത്രങ്ങൾ അലക്കുന്നതിനിടെ പ്രഭു എന്ന സൈനികനും ഡിഎംകെ കൗൺസിലർ ചിന്നസാമിയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. കൗൺസിലറായ ചിന്നസാമിയും മറ്റ് ഒമ്പത് പേരും ചേർന്ന് അന്ന് രാത്രി പ്രഭുവിനെയും സഹോദരൻ പ്രഭാകരനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭു പിനീട് സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments