വിശാഖപ്പട്ടണം: കോൺഗ്രസ് നയിച്ചിരുന്ന മുൻ യുപിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം അഭിമുഖീകരിച്ചിരുന്ന ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ മൻമോഹൻ സിംഗ് സർക്കാരിന് ധൈര്യമുണ്ടായിട്ടില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ ഭരണം ഇന്ത്യയെ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിച്ചുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിശാഖപ്പട്ടണത്ത് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഎ സർക്കാരിന്റെ കാലത്ത് പലരും ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറി ജനങ്ങൾക്കെതിരായി പ്രവർത്തിക്കുകയും ഭീകരത അഴിച്ചുവിടുകയും ചെയ്തു. എന്നാൽ അവർക്കെതിരെ വിരൽ ചൂണ്ടാൻ പോലും മൻമോഹൻ സർക്കാരിന് ധൈര്യമില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ അക്ഷീണം പ്രയത്‌നിച്ചു. ഉറി, പുൽവാമ ഭീകരാക്രമണങ്ങൾ നടന്ന് പത്ത് ദിവസത്തിനകം അതിർത്തി കടന്നെത്തിയ ഭീകരർക്ക് മറുപടി നൽകാൻ മോദിയുടെ നേതൃത്വത്തിന് സാധിച്ചു. ശത്രുവിന്റെ വീട്ടിൽ കയറി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ ഇന്ത്യ വ്യക്തമായ മറുപടി നൽകി.
മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാരിനെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. സാമൂഹ്യവിരുദ്ധരുടെ താവളമായി വിശാഖപ്പട്ടണം മാറിയെന്നും ഭരണകക്ഷിയിൽപ്പെട്ട ആളുകൾ തന്നെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു. വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട് ആന്ധ്രാപ്രദേശ് സർക്കാർ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
















Comments