ചെന്നൈ: പ്രതിപക്ഷ പാർട്ടികളിലെ കുടുംബാധിപത്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇപ്പോൾ പ്രതിപക്ഷത്തുള്ള പാർട്ടികളാണ് ഒരു കാലത്ത് രാജ്യത്തെ അഴിമതിയിൽ മുക്കിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെയാണെങ്കിൽ ദേശീയ തലത്തിൽ കോൺഗ്രസായിരുന്നു അഴിമതിയുടെ കേന്ദ്രമെന്നും അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ഡിഎംകെയും 3ജി, 4ജി പാർട്ടികളാണ്. ഡിഎംകെയെ നയിക്കുന്നത് ഒരു കുടുംബത്തിന്റെ മൂന്നാം തലമുറയാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്നത് നെഹ്‌റു കുടുംബത്തിന്റെ നാലാം തലമുറയാണ്. കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയാണ് അഴിമതി നടത്തുന്നതെങ്കിൽ കോൺഗ്രസിൽ അത് നാലാം തലമുറയിൽപ്പെട്ട രാഹുലാണ്. ഈ 3ജി, 4ജി പതിറ്റാണ്ടുകളായി രാജ്യത്തെ ചൂഷണം ചെയ്ത് ജീവിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിനെതിരായ നയമാണ് ഇരുപാർട്ടികളും സ്വീകരിച്ചിട്ടുള്ളത്. കശ്മീർ വിഭജനത്തിനെതിരെ നിലപാട് സ്വീകരിച്ചത് അതിന് ഉദാഹരണമാണ്. കശ്മീർ നമ്മുടേതാണെന്നിരിക്കെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്തത് എന്തുകാരണത്താലാണെന്ന് ഡിഎംകെ വ്യക്തമാക്കണം. നിരന്തരം കർഫ്യുകൾ നടപ്പിലാക്കി കശ്മീരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് യുപിഎ ഭരണകാലത്തുണ്ടായിരുന്നത്. എന്നാൽ ഇന്ന് കശ്മീരിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചതായും അമിത് ഷാ ചൂണ്ടിക്കാട്ടി.
2024 തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഭാവിയിൽ ഒരു തമിഴ്‌നാട്ടുകാരൻ ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അമിത ഷാ വ്യക്തമാക്കി.
Comments