ഇടുക്കി : അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടി കേരള തമിഴ്‌നാട് അതിർത്തിയിലെ കോഴിപ്പന്നകുടി ഗോത്രവർഗ്ഗ നിവാസികൾ. കുടിവെള്ളമോ വാസയോഗ്യമായ വീടോ ഗതാഗതയോഗ്യമായ റോഡോ ഇല്ലാതെ വലയുകയാണ് വന്യമൃഗങ്ങൾക്ക് നടുവിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യർ.
മഴക്കാലത്തുപോലും കുടിവെള്ളം ഇവർക്ക് കിട്ടാക്കനിയാണ്. ഒരു കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചു വേണം ഇവർക്ക് കുടിവെള്ളം ശേഖരിക്കാൻ. നൂറ്റാണ്ടുകളായി വനമേഖല ആശ്രയിച്ച് കഴിയുന്ന പല കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് പോലും ഇല്ലാത്ത സാഹചര്യമാണ്. ഗതാഗത യോഗ്യമായ റോഡും ഇവർക്ക് അന്യമാണ്.
കാട്ടാന ശല്യമാണ് ഇവർ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഫോറസ്റ്റ് വാച്ചർ ശക്തി വേലിന്റെ മരണത്തോടെ ആനയെ ഭയന്ന് കുട്ടികൾക്ക് സ്‌കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. കോഴിപ്പന്നക്കുടി മേഖലയിൽ പുതിയ ഫോറസ്റ്റ് വാച്ചറെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. തോട്ടം മേഖലയ്‌ക്കും വനമേഖലയ്‌ക്കും ഇടയിലുള്ള പതിനഞ്ചോളം കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന വനവാസി ഗ്രാമമാണ് കോഴിപ്പന്നക്കുടി. മുതുവാൻ സമുദായത്തിലുള്ള ആളുകളാണ് ഇവിടെയുള്ളത്.
അതേസമയം ഗോത്രവർഗ്ഗ ഉന്നമനത്തിനായ് വർഷം തോറും സർക്കാർ കോടികൾ ചിലവഴിക്കുന്നു എന്ന് പറയുമ്പോഴും ഈ ആനുകൂല്യങ്ങൾ ഒന്നും വനവാസി ഗ്രാമത്തിലുള്ള ഇവർക്ക് ലഭിച്ചിട്ടില്ല. ഗ്രാമത്തിന്റെ ദുരിതസ്ഥിതിയും, ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.
















Comments